അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ആദ്യ മത്സരത്തിലെ അനായാസ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയിറങ്ങുമ്പോൾ മലയാളി താരം സഞ്ജു സാംസണിന്റെ പ്ലെയിങ് ഇലവനിലെ സ്ഥാനമാണ് പ്രധാന ചർച്ചാവിഷയം. ആദ്യ കളിയിൽ 8 പന്തിൽ 10 റൺസെടുത്ത് പുറത്തായ സഞ്ജുവിന് കഴിഞ്ഞ അഞ്ച് മത്സരങ്ങളായി ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.
സഞ്ജുവിന് പകരം ടീനേജ് താരം വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്താൻ പരിശീലകൻ ഗൗതം ഗംഭീറിന് മേൽ കടുത്ത സമ്മർദ്ദമുണ്ട്. ആദ്യ മത്സരത്തിൽ 32 പന്തിൽ 82 റൺസടിച്ച അഭിഷേക് ശർമ്മ മിന്നുന്ന ഫോമിലാണ്. എന്നാൽ മോശം ഷോട്ടുകളിലൂടെ വിക്കറ്റ് കളയുന്ന സഞ്ജുവിന്റെ ശൈലിയിൽ ഗംഭീർ അസംതൃപ്തനാണ്. കൃഷ്ണമാചാരി ശ്രീകാന്ത് അടക്കമുള്ള മുൻ താരങ്ങൾ വൈഭവിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്.
Also Read: ‘സോറി, അത് ഓഫ്‌സൈഡായിരുന്നു!’ മാഞ്ചസ്റ്റർ ഡെർബിയിൽ റഫറിയിങ് പിഴവ് സമ്മതിച്ച് ഔദ്യോഗിക സമിതി
ബൗളിംഗ് നിരയിൽ പരിക്കേറ്റ സ്പിന്നർ വരുൺ ചക്രവർത്തി പരമ്പരയിൽ നിന്ന് പുറത്തായി. വരുണിന് പകരം രവി ബിഷ്‌ണോയ് പ്ലെയിങ് ഇലവനിലെത്തിയേക്കും. അഞ്ചാം ബൗളറുടെ പ്രകടനത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ നിധീഷ് കുമാർ റെഡ്ഡിക്ക് പകരം വാഷിംഗ്ടൺ സുന്ദറിനെ പരിഗണിച്ചേക്കും. മറുവശത്ത് ആദ്യ കളിയിൽ തകർന്നടിഞ്ഞ ബാറ്റിംഗ് നിര മെച്ചപ്പെടുത്തി പരമ്പരയിൽ ഒപ്പമെത്താനാണ് അഫ്ഗാനിസ്ഥാന്റെ ശ്രമം.






