ആര്‍സി ബുക്ക് ലഭിക്കാന്‍ വൈകുന്നു ആക്‌സില്‍ ഒടിഞ്ഞ് സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി

ആര്‍സി ബുക്ക് ലഭിക്കാന്‍ വൈകുന്നു ആക്‌സില്‍ ഒടിഞ്ഞ് സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി

ആര്‍സി ബുക്ക് അച്ചടി പ്രതിസന്ധിയിലായതോടെ അടിതെറ്റി സെക്കന്‍ഡ് ഹാന്‍ഡ് വാഹന വിപണി. പ്രതിമാസം കോടികളുടെ നഷ്ടമാണു മേഖലയ്ക്കുണ്ടാകുന്നത്. വില്‍ക്കുന്ന വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നയാളുടെ പേരിലേക്കാക്കി ലഭിക്കാന്‍ കാലതാമസം എടുക്കുന്നതിനാല്‍ വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാകാത്തതാണു പ്രതിസന്ധിയുടെ പ്രധാന കാരണം. പ്രതിസന്ധി ആരംഭിക്കുന്നതിനു മുന്‍പു ലഭിച്ചിരുന്ന കച്ചവടത്തിന്റെ 80 ശതമാനവും നഷ്ടമായെന്നു വാഹനക്കച്ചവടക്കാര്‍ പറയുന്നു. പ്രമുഖ കച്ചവടക്കാരില്‍ പലരും പണം മുടക്കി വാങ്ങിയിട്ട വാഹനങ്ങള്‍ വില്‍ക്കാനാകാത്തതിനാല്‍ വന്‍ പലിശക്കുരുക്കിലും കടക്കെണിയിലുമാണ്.

പ്രിന്റിങ് മുടങ്ങിയതിനാല്‍ ആര്‍സി ബുക്ക് ലഭിക്കാന്‍ മാസങ്ങളുടെ കാലതാമസം ഉണ്ടായതോടെ പുതുതലമുറ ബാങ്കുകളുള്‍പ്പെടെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. മാസങ്ങള്‍ക്കു മുന്‍പു നല്‍കിയ വായ്പയില്‍ വാങ്ങിയ വാഹനങ്ങളുടെ ആര്‍സി പോലും ഇതുവരെ ബാങ്കുകള്‍ക്കു ലഭിക്കാത്തതാണു കാരണം.

സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഷോറൂമുകളുടെ ഉടമകള്‍ വായ്പയും ഓവര്‍ ഡ്രാഫ്റ്റുമൊക്കെയായി ലക്ഷക്കണക്കിനു രൂപ സ്വരൂപിച്ചാണു വാഹനങ്ങള്‍ വാങ്ങുന്നത്. പരമാവധി ഒരു മാസത്തിനുള്ളില്‍ ഇവ വിറ്റു പോയില്ലെങ്കില്‍ പലിശ ഇനത്തില്‍ വന്‍തുക മുടക്കണം. മാത്രമല്ല, കൈവശമിരിക്കുമ്പോള്‍ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞാല്‍ ഇതിനുള്ള തുകയും സ്വന്തം കയ്യില്‍ നിന്നു കണ്ടെത്തണം. ബസുകളും ലോറികളും ഉള്‍പ്പെടെ വലിയ വാഹനങ്ങളുടെ ഡീലര്‍മാരുടെ നഷ്ടക്കണക്കുകള്‍ ലക്ഷങ്ങളാണ്.

Top