കുറവിലങ്ങാട്: സംസ്ഥാനത്തെ മദ്യവില്പനശാലകളെ ലക്ഷ്യമിട്ട് വീണ്ടും മോഷണം. കുറവിലങ്ങാട് ബിവറജസ് ഔട്ട്ലെറ്റിൽ രണ്ടരമാസത്തിനിടയിൽ രണ്ടാം തവണയും കവർച്ച നടന്നു. ഇത്തവണ അലമാര കുത്തിത്തുറന്ന് മുപ്പത്തിരണ്ടായിരത്തോളം രൂപയാണ് കവർന്നത്. മദ്യക്കുപ്പികൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ വിശദമായ സ്റ്റോക്ക് പരിശോധന നടത്തേണ്ടതുണ്ടെന്ന് ജീവനക്കാർ വ്യക്തമാക്കി.
കെട്ടിടത്തിന്റെ പിന്നിലെ എക്സോസ്റ്റ് ഫാൻ ഇളക്കിമാറ്റിയുണ്ടാക്കിയ ചെറിയ ദ്വാരത്തിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. തുടർന്ന് ഓഫീസിനുള്ളിലെ അലമാര തകർത്ത് പണം കൈക്കലാക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുറവിലങ്ങാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.സെപ്റ്റംബർ 14-ന് തിങ്കളാഴ്ച രാവിലെ ഔട്ട്ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരം ആദ്യം അറിയുന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Also Read: മകളെ കളിയാക്കിയതിന് ക്രൂരവിധി; ‘കടുവ സന്തോഷ്’ വധക്കേസിൽ പ്രതി പിടിയിൽ
ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ താന്നിക്കൽ ഭാഗത്താണ് ഈ ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ജൂൺ 29-ാം തീയതിയും സമാനമായ രീതിയിൽ ഇവിടെ മോഷണം നടന്നിരുന്നു. അന്ന് ഷട്ടറിന്റെ പൂട്ട് തകർ അകത്തുകടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന ഇരുപത്തിയയ്യായിരം രൂപയും വിലപിടിപ്പുള്ള മദ്യക്കുപ്പികളുമാണ് കവർന്നത്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ സമാനമായ ഇടത്ത് വീണ്ടും മോഷണം നടന്നത് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.






