വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ച് പേർക്കായി തെരച്ചിൽ തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തബാധിത മേഖല സന്ദർശിച്ച ശേഷം കളക്ടറേറ്റിൽ നടന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ മൂന്ന് പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും അദ്ദേഹം അറിയിച്ചു.
കാണാതായവരെ കണ്ടെത്താനാണ് ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത്. ഇതിന്റെ ഭാഗമായി നാളെ രാവിലെ പുഴയിൽ വിപുലമായ പരിശോധന നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ച ശേഷം മാത്രമേ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കൂ.
Also Read:പെപ്പർ സ്പ്രേ പ്രയോഗം! യുവാവിന് 50,000 രൂപ നഷ്ടപരിഹാരം, നടപടി എസ്ഐക്കെതിരെ
പ്രദേശത്ത് ടൗൺഷിപ്പിന് സമീപം കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എത്രയും വേഗം നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വയനാട് ജില്ലയിലാകെ വലിയ ദുരന്തമാണ് സംഭവിച്ചതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും, ഇതൊരു നിശ്ചിത പ്രദേശത്ത് മാത്രം നടന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സമഗ്രമായ പൊലീസ് അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.





