നഗര വീഥികളിൽ തേളുകൾ, കുത്തേറ്റത് 11ലക്ഷത്തിലധികം പേർക്ക്, നട്ടം തിരിഞ്ഞ് ബ്രസീൽ

റിപ്പോർട്ട് ചെയ്യപ്പെട്ട കുത്തുകളിൽ 0.1ശതമാനം മരണത്തിന് കാരണമാകുന്നതാണ്. കുട്ടികളും പ്രായമായവരുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരെന്നും ഗവേഷകർ പറഞ്ഞു

നഗര വീഥികളിൽ തേളുകൾ, കുത്തേറ്റത് 11ലക്ഷത്തിലധികം പേർക്ക്, നട്ടം തിരിഞ്ഞ് ബ്രസീൽ
നഗര വീഥികളിൽ തേളുകൾ, കുത്തേറ്റത് 11ലക്ഷത്തിലധികം പേർക്ക്, നട്ടം തിരിഞ്ഞ് ബ്രസീൽ

റിയോ ഡി ജനിറോ: ബ്രസീലിയൻ നഗരങ്ങൾ തേളുകളാൽ നിറയുന്നുവെന്നും വനം കൈയേറ്റവും ദ്രുതഗതിയിലുള്ള നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും മൂലമാണിതെന്നും ഗവേഷകരുടെ കണ്ടെത്തൽ. 2014നും 2023നും ഇടയിൽ 11ലക്ഷത്തിലധികം പേർക്ക് തേളിന്റെ കുത്തേറ്റതായും ബ്രസീലിയൻ ‘നോട്ടിഫൈയബിൾ ഡിസീസ് ഇൻഫർമേഷൻ സിസ്റ്റ’ത്തിന്റെ ഡാറ്റ പറയുന്നു. ഫ്രോണ്ടിയേഴ്‌സ് ഇൻ പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് ഈ കാലയളവിൽ കുത്തേറ്റവരുടെ റിപ്പോർട്ടുകളിൽ 155 ശതമാനം വർധനവുണ്ടായി.

ഉയർന്ന ജനസാന്ദ്രതയുള്ള പാർപ്പിടങ്ങളും മോശം മാലിന്യ നിർമാർജനവും സ്വഭാവ സവിശേഷതകളായ ദ്രുതഗതിയിലുള്ളതും ആസൂത്രിതമല്ലാത്തതുമായ നഗരവൽക്കരണമാണ് കേസുകളുടെ വർധനവിന് കാരണമെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. തേളുകളുടെ ആവാസ വ്യവസ്ഥയായ വനങ്ങൾ വെട്ടിത്തളിച്ച് നഗരപ്രദേശങ്ങൾ കയ്യേറുന്നതിനാൽ അവ വളരാൻ പുതിയ ഇടങ്ങൾ തെരഞ്ഞെടുക്കുന്നുവെന്നും പഠനം പറയുന്നു.

ബ്രസീലിലെ നഗരവൽക്കരണം ആവാസവ്യവസ്ഥയെ വളരെയധികം പുനഃർനിർമിച്ചുവെന്ന് മുഖ്യ ഗവേഷകയും സാവോ പോളോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറുമായ മാനുവേല ബെർട്ടോ പുക്ക പറഞ്ഞു. മതിലുകൾ, അഴുക്കുചാലുകൾ, മാലിന്യം, നിർമാണ അവശിഷ്ടങ്ങൾ എന്നിവയാൽ നിറഞ്ഞ നഗരങ്ങൾ തേളുകൾക്ക് ധാരാളം അഭയ സ്ഥാനങ്ങൾ നൽകുന്നു. പ്രത്യേകിച്ച് ഇവ അഴുക്കുചാലുകളെ ഇഷ്ടപ്പെടുന്നു. അവിടെ വർഷം മുഴുവനും ചൂടുള്ള അന്തരീക്ഷവും പാറ്റകളെയടക്കം ധാരാളം ഭക്ഷണവും ലഭിക്കുന്നു. ചില ഇനം തേളുകൾക്ക് ഭക്ഷണമില്ലാതെ 400 ദിവസം വരെ അതിജീവിക്കാൻ കഴിയും. ഇണചേരാതെ തന്നെ പ്രത്യുൽപാദനം നടത്താനും കഴിയും. ഇത് അവയുടെ ഉന്മൂലനം ബുദ്ധിമുട്ടാക്കുന്നു. ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനാൽ മഴയും വരൾച്ചയും അനുഭവപ്പെടുന്ന കാലഘട്ടങ്ങളിലും ഇവ സമൃദ്ധമായി വളരുന്നു.

2024 ലെ ഡാറ്റ സൂചിപ്പിക്കുന്നത് ബ്രസീലിൽ ഏകദേശം 200,000 തേളുകൾ കുത്തുന്നവയാണെന്നും അതിൽ 133 ഉം മരണങ്ങൾക്ക് കാരണക്കാരാണ് എന്നുമാണ്. 2025 നും 2033 നും ഇടയിൽ 20ലക്ഷം പുതിയ കേസുകൾ ഉണ്ടാവാനുള്ള സാധ്യതയും ഗവേഷകർ പ്രവചിക്കുന്നു.

റിപ്പോർട്ട് ചെയ്യപ്പെട്ട കുത്തുകളിൽ 0.1ശതമാനം മരണത്തിന് കാരണമാകുന്നതാണ്. കുട്ടികളും പ്രായമായവരുമാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരെന്നും ഗവേഷകർ പറഞ്ഞു. ആരോഗ്യമുള്ള ആളുകൾ പൊതുവെ പൂർണമായി സുഖം പ്രാപിക്കും. പക്ഷേ, ദിവസങ്ങളോളം വേദനയും അസ്വസ്ഥതയും ഉണ്ടാവും. വേദന, പൊള്ളൽ, വീക്കം, ചുവപ്പ്, ഇക്കിളി, ഓക്കാനം എന്നിവയാണ് ലക്ഷണങ്ങൾ.

ബ്രസീൽ, പരാഗ്വേ, ബൊളീവിയ, മെക്സിക്കോ, ഗയാന, വെനിസ്വേല എന്നിവിടങ്ങളിൽ കഴിഞ്ഞ ദശകങ്ങളിൽ തേളുകളുടെ കുത്തേറ്റതിന്റെ ഫലമായുണ്ടാകുന്ന ആരോഗ്യപ്രശ്നം ആശങ്കാജനകമായി ഉയർന്നിട്ടുണ്ട്. ഇത് ഒരു പ്രധാന പൊതുജനാരോഗ്യ പ്രതിസന്ധിയായി പരിണമിച്ചുവെന്ന് പുതിയ പഠനത്തിൽ പറയുന്നു.

Share Email
Top