ചുട്ടുപൊള്ളി മരുഭൂമി, ഒപ്പം അപ്രതീക്ഷിത മഴയും; യുഎഇയിൽ ചൂട് 50 ഡിഗ്രി കടന്നു

ഓഗസ്റ്റ് പകുതി വരെ കടുത്ത ചൂട് തുടരുന്ന ജമ്രത് അൽ ഖൈത് കാലയളവായതിനാൽ വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ചുട്ടുപൊള്ളി മരുഭൂമി, ഒപ്പം അപ്രതീക്ഷിത മഴയും; യുഎഇയിൽ ചൂട് 50 ഡിഗ്രി കടന്നു
ചുട്ടുപൊള്ളി മരുഭൂമി, ഒപ്പം അപ്രതീക്ഷിത മഴയും; യുഎഇയിൽ ചൂട് 50 ഡിഗ്രി കടന്നു

അബുദാബി: യുഎഇയിൽ വേനൽച്ചൂട് കടുക്കുന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 50.1 ഡിഗ്രി സെൽഷ്യസ് അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള ഔതൈദിൽ രേഖപ്പെടുത്തി. ഉൾനാടൻ മരുഭൂപ്രദേശങ്ങളിൽ ചൂട് കടുക്കുമ്പോഴും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അപ്രതീക്ഷിത മഴയും ഇടിമിന്നലുമാണ് അനുഭവപ്പെടുന്നത്. മെസൈറയിൽ 50 ഡിഗ്രിയും അൽ ഷവാമെഖിൽ 49.6 ഡിഗ്രിയും താപനില രേഖപ്പെടുത്തി. അതേസമയം അബുദാബി, ഷാർജ (അൽ മദാം, ഫെയ്‌ലി), റാസൽഖൈമ, ഫുജൈറയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിച്ചു.

ഓഗസ്റ്റ് പകുതി വരെ കടുത്ത ചൂട് തുടരുന്ന ജമ്രത് അൽ ഖൈത് കാലയളവായതിനാൽ വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 9 ഞായറാഴ്ച വരെ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ കാറ്റടിക്കാനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. ഉൾനാടുകളിൽ ഉയർന്ന താപനില 45 മുതൽ 49 ഡിഗ്രി വരെയും തീരദേശങ്ങളിൽ 42 മുതൽ 47 ഡിഗ്രി വരെയും മലയോര മേഖലകളിൽ 33 മുതൽ 39 ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ട്.

Also Read: ഷാർജയിൽ ആഘോഷ വേനൽ! സൗജന്യ ബീച്ച് ഫിറ്റ്‌നസ് മുതൽ റൺ വരെ; 50-ലേറെ പരിപാടികളുമായി ‘ഷൂറൂഖ്’

പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. കനത്ത മഴയുള്ളപ്പോൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. താഴ്‌വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ പോകരുത്. വാഹനം ഓടിക്കുന്നവർ വേഗത കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും ചെയ്യുക. ബാൽക്കണികളിലും ടെറസിലും കാറ്റിൽ പറന്നുപോകാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമാക്കുക. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Share Email
Top