ഭൂമിയുടെ ഏതാണ്ട് ഇരട്ടി വലുപ്പമുള്ള ‘സൂപ്പര്‍ എര്‍ത്ത്’ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. TOI-1846 b എന്ന് നാമകരണം ചെയ്യപ്പെട്ട ഇത് ജലസമൃദ്ധം ആയിരിക്കാമെന്നാണ് നിഗമനം. ‘സൂപ്പര്‍ എര്‍ത്തി’ന് 720 കോടി വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. സൗരയൂഥത്തില്‍ ഉള്ളവയില്‍ നിന്ന് വ്യത്യസ്തമായ ഒരു തരം ഗ്രഹങ്ങളാണ് സൂപ്പര്‍ എര്‍ത്ത്‌സ്. ഭൂമിയേക്കാള്‍ പിണ്ഡമേറിയവയും നെപ്റ്റ്യൂണ്‍, യുറാനസ് എന്നിവയെക്കാള്‍ ഭാരം കുറഞ്ഞവയുമാണ് ഇവ. മൊറോക്കോയിലെ ഔകൈമെഡന്‍ ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞരുടെ സംഘം നാസയുടെ ട്രാന്‍സിറ്റിംഗ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് (TESS) ഉപയോഗിച്ചാണ് ഇതിനെ കണ്ടെത്തിയത്. arXiv പ്രീപ്രിന്റ് സെര്‍വറില്‍ ഇതേക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭൂമിയുടെ ഏകദേശം 1.792 മടങ്ങ് ആരവും നമ്മുടെ ഗ്രഹത്തിനേക്കാള്‍ ഏകദേശം 4.4 മടങ്ങ് പിണ്ഡവും ഇതിനുണ്ടെന്നാണ് കണ്ടെത്തൽ. മാത്രമല്ല ഇത് ഓരോ 3.93 ദിവസത്തിലും അതിന്റെ ആതിഥേയ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നുണ്ട്. ഇതിന്റെ മാതൃനക്ഷത്രം സൂര്യന്റെ ഏകദേശം 0.4 മടങ്ങ് വലിപ്പമുള്ളതാണെന്നും അതിന്റെ പിണ്ഡം ഏകദേശം 0.42 സൗര പിണ്ഡമാണെന്നും ഗവേഷകര്‍ പറയുന്നു. ഇതിന് 720 കോടി വര്‍ഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നതായും ഗവേഷകര്‍ പറയുന്നു. ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ ഗ്രഹം ഒരുപക്ഷേ ജലസമൃദ്ധമായിരിക്കാമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തുന്നത്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: വീണ്ടും ഞെട്ടിച്ച് ബിഎസ്എന്‍എല്‍; കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങൾ
ഈ വര്‍ഷം ആദ്യം സൗരയൂഥത്തിന് പുറത്തുള്ള മറ്റൊരു ‘സൂപ്പര്‍-എര്‍ത്ത്’ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. HD 20794 d എന്ന് നാമകരണം ചെയ്യപ്പെട്ട ഇത് ഭൂമിയുടെ ആറിരട്ടി പിണ്ഡമുള്ളതാണ്. അതിന്റെ ഉപരിതലത്തിലും ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 20 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഇത് സൂര്യന് സമാനമായ ഒരു നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയില്‍ പരിക്രമണം ചെയ്യുന്നുവെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത് . എങ്കിലും, ഭൂമിയുടെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ നിന്ന് വ്യത്യസ്തമായി, HD 20794 d ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള പാത പിന്തുടരുന്നതിനാല്‍ ഈ ഗ്രഹത്തിന് ജീവനെ നിലനിര്‍ത്താന്‍ കഴിയുമോ എന്നകാര്യം അനിശ്ചിതത്വത്തിലാണെന്നും ഗവേഷകര്‍ പറഞ്ഞു.