കാസർകോട്: കുമ്പളയിൽ പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എയ്ഡഡ് സ്കൂൾ അധ്യാപകനെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ എൻ.കെ. സുധീർകുമാറിനെ (49) ആണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. പുത്തിഗെ പഞ്ചായത്ത് പരിധിയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ സുധീർകുമാർ. കുമ്പള ഇൻസ്പെക്ടർ ടി.കെ മുകുന്ദൻ, എസ്.ഐ. കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു.






