ഷാർജയിൽ രണ്ട് സ്‌കൂൾ ബസുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 13 വിദ്യാർത്ഥികൾക്കും ഒരു ടീച്ചർക്കും പരിക്കേറ്റു. ഈദ് അവധി കഴിഞ്ഞ് സ്‌കൂൾ തുറന്ന ആദ്യ ദിവസം സ്‌കൂൾ കഴിഞ്ഞ തിരികെ പോവുകയായിരുന്ന ബസുകളാണ് അപകടത്തിൽ പെട്ടത്. ജൂൺ 9 ന് പ്രാദേശിക സമയം മൂന്ന് മണിക്ക് ശേഷം ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം ഉണ്ടായത്.
അതേസമയം അപകടത്തിന് പിന്നാലെ അടിയന്തര മെഡിക്കൽ സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റ വിദ്യാർത്ഥികൾ 6 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. ഈദ് വേളയിൽ റോഡ് സുരക്ഷയെക്കുറിച്ച് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷങ്ങളിലും സമാനമായ അപകടങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ഒരു സ്‌കൂൾ ബസ് നടപ്പാതയിൽ ഇടിച്ചതിനെത്തുടർന്ന് മൂന്ന് വിദ്യാർത്ഥികൾക്കും രണ്ട് സൂപ്പർവൈസർമാർക്കും പരിക്കേറ്റിരുന്നു.