ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം; തമിഴ്‌നാട്ടില്‍ വ്യാപകമായി മോദിയുടെ ചിത്രമുള്ള ‘ജീ പേ’ പോസ്റ്ററുകള്‍

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാം; തമിഴ്‌നാട്ടില്‍ വ്യാപകമായി മോദിയുടെ ചിത്രമുള്ള ‘ജീ പേ’ പോസ്റ്ററുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യാപകമായി മോദിയുടെ ചിത്രമുള്ള ‘ജീ പേ’ പോസ്റ്ററുകള്‍. പ്രധാനമന്ത്രിയുടെ ചിത്രം ക്യൂ ആര്‍ കോഡില്‍നുള്ളില്‍ പതിച്ചിരിക്കുന്ന നിലയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന പോസ്റ്ററില്‍ സ്‌കാന്‍ ചെയ്താല്‍ അഴിമതി കാണാമെന്ന കുറിപ്പാണ് പോസ്റ്ററിലെ ഹൈലൈറ്റ്. ക്യൂ ആര്‍ കോഡില്‍ സ്‌കാന്‍ ചെയ്താല്‍ വ്യത്യസ്തങ്ങളായ അഴിമതി ആരോപണങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോയിലേയ്ക്കാണ് എത്തുക. തിരഞ്ഞെടുപ്പ് ബോണ്ടിലും സിഎജി റിപ്പോര്‍ട്ടുകളിലും അടിസ്ഥാന സൗകര്യ പദ്ധതികളിലും നടന്ന അഴിമതികളെക്കുറിച്ചുള്ള ആരോപണങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് വായ്പ നല്‍കുകയും എഴുതി തള്ളുകയും ചെയ്ത ആരോപണങ്ങളും വീഡിയോയില്‍ ഇടംനേടിയിട്ടുണ്ട്.

ഇന്‍ഡ്യ സഖ്യത്തെ പിന്തുണയ്ക്കണമെന്നും ബിജെപിയെ തള്ളണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്. പോസ്റ്ററിന് പിന്നില്‍ ഡിഎംകെ ആണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 19നാണ് തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും വോട്ടെടുപ്പ്. നേരത്തെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ പോ സി എം പേസ്റ്ററുമായി കോണ്‍ഗ്രസും രംഗത്തിറങ്ങിയിരുന്നു. 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന ബിജെപി സര്‍ക്കാരിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ഏറ്റുപിടിച്ചായിരുന്നു അന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് രംഗത്ത് വന്നത്.

Top