മരുഭൂമിയെ പച്ചപ്പണിയിക്കാൻ സൗദിയുടെ വൻ നീക്കം! ജിസാനിൽ 46.7 ദശലക്ഷം റിയാൽ ചെലവിൽ ഫോറസ്റ്റ് റിസർച്ച് ആസ്ഥാനം

വനവൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് പുതിയ വേദിയാകുന്നതോടൊപ്പം ജിസാനിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ഈ കേന്ദ്രം കരുത്തുപകരും

മരുഭൂമിയെ പച്ചപ്പണിയിക്കാൻ സൗദിയുടെ വൻ നീക്കം! ജിസാനിൽ 46.7 ദശലക്ഷം റിയാൽ ചെലവിൽ ഫോറസ്റ്റ് റിസർച്ച് ആസ്ഥാനം
മരുഭൂമിയെ പച്ചപ്പണിയിക്കാൻ സൗദിയുടെ വൻ നീക്കം! ജിസാനിൽ 46.7 ദശലക്ഷം റിയാൽ ചെലവിൽ ഫോറസ്റ്റ് റിസർച്ച് ആസ്ഥാനം

മരുഭൂമീകരണം തടയാനും വനസമ്പത്ത് സംരക്ഷിക്കാനും ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായി ജിസാനിൽ 46.7 ദശലക്ഷത്തിലധികം സൗദി റിയാൽ ചെലവിൽ ഫോറസ്റ്റ് റിസർച്ച് ഹെഡ്ക്വാർട്ടേഴ്‌സ് ഒരുങ്ങുന്നു. പദ്ധതിയുടെ നിർമാണത്തിന് ജിസാൻ മേഖല ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് തറക്കല്ലിട്ടു. ഡെപ്യൂട്ടി ഗവർണർ അമീർ നാസർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ജലവിയുടെ സാന്നിധ്യത്തിൽ ജിസാൻ ഗവർണറേറ്റ് ഓഫീസിലായിരുന്നു ചടങ്ങ്.

കണ്ടൽകാടുകൾ, വന്യമരങ്ങൾ, മലയോര-തീരദേശ മേഖലകളിലെ വൃക്ഷങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ഗവേഷണങ്ങളും പഠനങ്ങളുമാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. വിത്തുകളുടെ സംരക്ഷണം, മുളപ്പിക്കൽ, മരങ്ങളിലെ രോഗാവസ്ഥകളെക്കുറിച്ചുള്ള പഠനം, ജനിതക സവിശേഷതകളുടെ പരിശോധന, കാർബൺ സംബന്ധമായ ഗവേഷണങ്ങൾക്ക് പിന്തുണ നൽകൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. സസ്യജാലങ്ങളുടെ വികസനത്തിനും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും കേന്ദ്രം സഹായകമാകും.

Also Read: 24 മണിക്കൂർ നിർത്താതെ പായും, നാല് ചക്രങ്ങൾക്കും കരുത്ത്..! ഫോർമുല വൺ കാറുകളിൽനിന്ന് ഫെരാരി 499Pയെ വ്യത്യസ്തമാക്കുന്നത് എന്ത്?

ആകെ 33,246 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഗവേഷണ കേന്ദ്രം നിർമിക്കുന്നത്. അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റിസർച്ച് കെട്ടിടം, പ്രത്യേക ലബോറട്ടറി, സന്ദർശക കേന്ദ്രം, സേവന മേഖല, ഇക്കോ പാർക്ക് എന്നിവയാണ് പദ്ധതിയുടെ പ്രധാന ഭാഗങ്ങൾ. സസ്യജാലങ്ങളുടെ വികസനത്തിനും മരുഭൂമീകരണം തടയുന്നതിനുമുള്ള ദേശീയ കേന്ദ്രം സി.ഇ.ഒ എൻജിനീയർ അഹമ്മദ് ബിൻ സ്വാലിഹ് അൽഅയാദയും പരിസ്ഥിതി മേഖലയിലെ നിരവധി ഉദ്യോഗസ്ഥരും തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.

സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്നിവയുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി ഗവേഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, വനങ്ങളുടെ സംരക്ഷണവും വികസനവും ഉറപ്പാക്കുക, പ്രകൃതിവിഭവങ്ങൾ ഭാവിതലമുറയ്ക്കായി നിലനിർത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വനവൃക്ഷങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് പുതിയ വേദിയാകുന്നതോടൊപ്പം ജിസാനിലെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ഈ കേന്ദ്രം കരുത്തുപകരും.

Share Email
Top