സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം പരിശോധന കർശനമാക്കി. ഒക്ടോബർ ഒന്ന് മുതൽ ഏഴ് വരെയുള്ള ഒരു ആഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി നടത്തിയ സംയുക്ത പരിശോധനകളിൽ 13,889 നിയമലംഘകരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ഇതിൽ നിയമനടപടികൾ പൂർത്തിയാക്കിയ 10,431 വിദേശികളെ ഇതിനോടകം തന്നെ അധികൃതർ നാടുകടത്തിയിട്ടുണ്ട്.
പിടിയിലായവരിൽ ഭൂരിഭാഗവും താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ചവരാണ്. കൂടാതെ അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,382 പേരെയും സുരക്ഷാ വിഭാഗം പിടികൂടി. നിലവിൽ മുപ്പതിനായിരത്തിലധികം വിദേശികൾ രാജ്യത്ത് നിയമനടപടികൾ നേരിടുന്നുണ്ടെന്നും, അവരുടെ യാത്രാ രേഖകൾ ശരിയാക്കാൻ അതത് എംബസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Also Read: പ്രവാസികൾക്ക് വൻ ആശ്വാസം; തൊഴിൽ വിസ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി ഖത്തർ
അനധികൃത കുടിയേറ്റക്കാർക്ക് താമസവും യാത്രാസൗകര്യങ്ങളും ജോലി സാധ്യതകളും ഒരുക്കി നൽകുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് സൗദി നൽകിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്. കൂടാതെ ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.






