സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിരത കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായി വിദേശനാണ്യ ശേഖരത്തിൽ വൻ വർധനവ്. സൗദി സെൻട്രൽ ബാങ്കിന്റെ (സാമ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ വിദേശ കറൻസി കരുതൽ ശേഖരം 7.2 ശതമാനം ഉയർന്ന് 1.733 ട്രില്യൺ സൗദി റിയാലിലെത്തി. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഔദ്യോഗിക കരുതൽ ശേഖരം വർഷാന്ത വളർച്ചയിൽ 6.7 ശതമാനം വർധിച്ച് 1.827 ട്രില്യൺ റിയാലായും (487.31 ബില്യൺ ഡോളർ) ഉയർന്നിട്ടുണ്ട്. ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിൽ ആകെ കരുതൽ ശേഖരത്തിൽ 0.27 ശതമാനത്തിന്റെ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ പൊതുവായുള്ള സാമ്പത്തിക അടിത്തറ അടിയുറച്ചതാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സൗദിയുടെ ഈ സാമ്പത്തിക മുന്നേറ്റത്തെ അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) പ്രശംസിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയും സെൻട്രൽ ബാങ്ക് സ്വീകരിക്കുന്ന നയങ്ങളും സുസ്ഥിരമായ സാമ്പത്തിക വളർച്ചയാണ് ഉറപ്പുനൽകുന്നത് എന്ന് ഐഎംഎഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര നാണയ നിധിയിലെ സൗദിയുടെ റിസർവ് അക്കൗണ്ട് മൂല്യം 1.4 ശതമാനം വർധിച്ച് 13.34 ബില്യൺ റിയാലായി (3.56 ബില്യൺ ഡോളർ) ഉയർന്നിട്ടുണ്ട്. കൂടാതെ, ഐഎംഎഫിലെ രാജ്യത്തിന്റെ എസ്ഡിആർ മൂല്യം 79.37 ബില്യൺ റിയാലിലെത്തി. കറൻസി കരുതൽ ശേഖരത്തിലുള്ള സ്വർണത്തിന്റെ മൂല്യം യാതൊരു മാറ്റവുമില്ലാതെ 1.624 ബില്യൺ റിയാലിൽ (433.07 മില്യൺ ഡോളർ) സുരക്ഷിതമായി തുടരുകയാണ്.






