തിരുവനന്തപുരം: സി.ജെ.പി.ക്ക് പിന്നിൽ ബി.ജെ.പി.യാണെന്ന പി. സരിന്റെ പരാമർശം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതിനു പിന്നാലെ പ്രതികരണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സരിന്റേത് കേവലം നാക്കുപിഴ മാത്രമാണെന്നും അദ്ദേഹം തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തിയ സാഹചര്യത്തിൽ ആരും അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരസ്യമായി നടത്തിയ പരാമർശത്തിൽ പിഴവ് സംഭവിച്ചെന്ന് സരിൻ തന്നെ തുറന്നുസമ്മതിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. അബദ്ധം തിരിച്ചറിഞ്ഞ ഉടൻതന്നെ തിരുത്താൻ സരിൻ തയ്യാറായി. സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ സരിൻ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നും പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ച് വിശദീകരണക്കുറിപ്പ് പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ഏഴ് ദുരൂഹമരണങ്ങൾ, ഒമ്പതുവർഷത്തെ അന്വേഷണം! കൂടത്തിൽ ജയമാധവൻ നായർ കേസിൽ കാര്യസ്ഥൻ അറസ്റ്റിൽ
ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സി.ജെ.പി.ക്ക് പിന്നിൽ ബി.ജെ.പി.യാണെന്ന തരത്തിൽ സരിൻ പരാമർശം നടത്തിയത്. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയതോടെ പ്രസ്താവന പാർട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് വ്യക്തമാക്കി സരിൻ ഫേസ്ബുക്കിൽ വിശദീകരണം നൽകിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഭവിച്ച വാക്കുപിഴ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുകയും പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ വിഷയം കൂടുതൽ വലുതാക്കേണ്ടതില്ലെന്നാണ് എം.വി. ഗോവിന്ദന്റെ നിലപാട്. സരിന്റെ വിശദീകരണത്തോടെ വിവാദം അവസാനിക്കണമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.






