വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജുവിന്റെ തിരിച്ചുവരവ്! പ്രശംസയുമായി ഇയാന്‍ മോര്‍ഗനും ആരോണ്‍ ഫിഞ്ചും

സഞ്ജു തന്റെ മൂല്യം ഓരോ മത്സരത്തിലൂടെയും വര്‍ധിപ്പിക്കുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു

വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജുവിന്റെ തിരിച്ചുവരവ്! പ്രശംസയുമായി ഇയാന്‍ മോര്‍ഗനും ആരോണ്‍ ഫിഞ്ചും
വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജുവിന്റെ തിരിച്ചുവരവ്! പ്രശംസയുമായി ഇയാന്‍ മോര്‍ഗനും ആരോണ്‍ ഫിഞ്ചും

ല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് സഞ്ജു സാംസണ്‍. 52 പന്തില്‍ നിന്നും ഏഴ് ഫോറും ആറ് സിക്‌സും സഹിതം 87 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. സഞ്ജുവിന്റെ ഈ ഇന്നിങ്‌സിനെ പുകഴ്ത്തി ഇയാന്‍ മോര്‍ഗന്‍, ആരോണ്‍ ഫിഞ്ച് തുടങ്ങിയ പ്രമുഖ താരങ്ങള്‍ രംഗത്തെത്തി.

സഞ്ജു തന്റെ മൂല്യം ഓരോ മത്സരത്തിലൂടെയും വര്‍ധിപ്പിക്കുകയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. പരിചയസമ്പന്നനായ ഒരു താരം കളിക്കുന്നത് പോലെയാണ് സഞ്ജുവിന്റെ ശൈലിയെന്നും, കാര്‍ത്തിക് ശര്‍മയെപ്പോലുള്ള യുവതാരങ്ങളെ ഒപ്പം കൂട്ടി അദ്ദേഹം നടത്തുന്ന പോരാട്ടം അഭിനന്ദനാര്‍ഹമാണെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം വ്യത്യസ്ത തലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നായിരുന്നു മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ പ്രതികരണം. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ചെന്നൈയിലെത്തിയ സഞ്ജു, ചെറിയ ഇടവേളയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരുന്നത് കാണുന്നത് സന്തോഷകരമാണെന്നും ഫിഞ്ച് പറഞ്ഞു.

Also Read;സഞ്ജു ടീമിന്റെ നട്ടെല്ല്; നായകനെ വാനോളം പ്രശംസിച്ച് റുതുരാജ് ഗെയ്ക്വാദ്

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സഞ്ജുവിനൊപ്പം കാര്‍ത്തിക് ശര്‍മയും (31 പന്തില്‍ 41) മികച്ച പിന്തുണ നല്‍കി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് വെറും ആറ് റണ്‍സ് മാത്രമാണ് എടുക്കാനായതെങ്കിലും സഞ്ജുവിന്റെ കരുത്തില്‍ ചെന്നൈ വിജയം ഉറപ്പാക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ പരാജയത്തിന് പിന്നാലെ സഞ്ജു നടത്തിയ ഈ തിരിച്ചുവരവ് ആരാധകര്‍ക്കും വലിയ ആവേശമാണ് നല്‍കുന്നത്.

ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ സഞ്ജുവിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചിരുന്നില്ല. രാജസ്ഥാന്‍, പഞ്ചാബ്, ആര്‍സിബി ടീമുകള്‍ക്കെതിരെ ഒറ്റയക്കത്തില്‍ പുറത്തായെങ്കിലും, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ നേടിയ സെഞ്ചുറി (115*) സഞ്ജുവിനെ വിമര്‍ശിച്ചവരുടെ വായടപ്പിച്ചിരുന്നു. പിന്നീട് മുംബൈക്കെതിരായ മത്സരങ്ങളില്‍ നിറം മങ്ങിയെങ്കിലും ഡല്‍ഹിക്കെതിരായ ഈ മിന്നും പ്രകടനത്തോടെ സഞ്ജു വീണ്ടും ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

Share Email
Top