ഐപിഎല്ലിന്റെ ഈ സീസണിൽ ബാറ്റിംഗ് കരുത്തുകൊണ്ട് വിസ്മയം തീർക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. സീസൺ പാതിവഴി പിന്നിടുമ്പോൾ തന്നെ രണ്ട് ഉജ്ജ്വല സെഞ്ച്വറികളാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്. മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡെയിലും ഡൽഹി ക്യാപിറ്റൽസിനെതിരെ ചെപ്പോക്കിലും സഞ്ജു നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകം ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന മത്സരത്തിലും സെഞ്ച്വറിയോളമെത്തിയ പ്രകടനത്തിലൂടെ താരം തന്റെ അപാര ഫോം ഒരിക്കൽ കൂടി തെളിയിച്ചു.
സീസണിൽ അഞ്ച് മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ സഞ്ജു തന്റെ മൂന്നാം സെഞ്ച്വറി കണ്ടെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയിൽ സഞ്ജു മൂന്നാമനാകും. നിലവിൽ ശിഖർ ധവാൻ, കെ.എൽ. രാഹുൽ, റുതുരാജ് ഗെയ്ക്വാദ് എന്നിവർ ഒരു സീസണിൽ രണ്ട് സെഞ്ച്വറികൾ വീതം നേടിയിട്ടുണ്ട്. എന്നാൽ മൂന്ന് സെഞ്ച്വറികൾ എന്ന നേട്ടം ശുഭ്‌മാൻ ഗില്ലിന് മാത്രമാണ് അവകാശപ്പെടാനുള്ളത്.
Also Read:ലഖ്‌നൗവിൽ തീപാറും പോരാട്ടം; തോൽവിഭാരവുമായി എൽഎസ്ജി, കുതിപ്പിനൊരുങ്ങി ആർസിബി
നാല് സെഞ്ച്വറികൾ എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലിക്കും (2016) ജോസ് ബട്‌ലർക്കും (2022) ഒപ്പമെത്താൻ സഞ്ജുവിന് ഇനി രണ്ട് സെഞ്ച്വറികൾ കൂടി മതിയാകും. നിലവിലെ ഫോമിൽ സഞ്ജുവിന് ഈ റെക്കോഡുകൾ തിരുത്തിക്കുറിക്കാൻ സാധിക്കുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
പത്ത് മത്സരങ്ങളിൽ നിന്നായി 402 റൺസാണ് സഞ്ജു ഇതുവരെ അടിച്ചുകൂട്ടിയത്. പുറത്താകാതെ നേടിയ 115 റൺസാണ് ഉയർന്ന സ്‌കോർ. രണ്ട് സെഞ്ച്വറികൾക്ക് പുറമെ ഒരു അർദ്ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. 21 സിക്സറുകളും 42 ഫോറുകളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നത്. കേവലം റൺസ് കണ്ടെത്തുക എന്നതിലുപരി സഹതാരങ്ങളെ ഫോമിലേക്ക് കൊണ്ടുവരാൻ സഞ്ജു നടത്തുന്ന ശ്രമങ്ങൾ മുൻ താരങ്ങളുടെ വലിയ പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. വരും മത്സരങ്ങളിലും ഇതേ മികവ് തുടർന്നാൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ സഞ്ജു മുൻപന്തിയിൽ തന്നെയുണ്ടാകും.






