സഞ്ജു നൽകി ‘വെടിക്കെട്ട്’ തുടക്കം, പക്ഷെ പാതിവഴിയിൽ വീണു; പവർ പ്ലേയിൽ സിംബാബ്‌വെയെ തകർത്ത് ഇന്ത്യ!

ആദ്യ ഓവർ മുതൽ ആക്രമിച്ച് കളിച്ച സഞ്ജു, റിച്ചാർഡ് നഗവര എറിഞ്ഞ രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയാണ് തുടങ്ങിയത്

സഞ്ജു നൽകി ‘വെടിക്കെട്ട്’ തുടക്കം, പക്ഷെ പാതിവഴിയിൽ വീണു; പവർ പ്ലേയിൽ സിംബാബ്‌വെയെ തകർത്ത് ഇന്ത്യ!
സഞ്ജു നൽകി ‘വെടിക്കെട്ട്’ തുടക്കം, പക്ഷെ പാതിവഴിയിൽ വീണു; പവർ പ്ലേയിൽ സിംബാബ്‌വെയെ തകർത്ത് ഇന്ത്യ!

ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് തകർപ്പൻ തുടക്കം. അഭിഷേക് ശർമ്മയ്ക്കൊപ്പം പുതിയ റോളിൽ ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും വലിയ സ്കോർ നേടാനാകാതെ പുറത്തായി. 15 പന്തിൽ രണ്ട് സിക്സറുകളും ഒരു ഫോറുമടക്കം 24 റൺസാണ് സഞ്ജു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പവർ പ്ലേ പിന്നിടുമ്പോൾ 6 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന ശക്തമായ നിലയിലാണ്.

ആദ്യ ഓവർ മുതൽ ആക്രമിച്ച് കളിച്ച സഞ്ജു, റിച്ചാർഡ് നഗവര എറിഞ്ഞ രണ്ടാം പന്തിൽ തന്നെ സിക്സർ പറത്തിയാണ് തുടങ്ങിയത്. തുടർന്ന് ബ്ലെസിംഗ് മുസർബാനിയുടെ ഓവറിലും സഞ്ജു സിക്സർ നേടി. മൂന്നാം ഓവറിൽ അഭിഷേക് ശർമ്മയും സഞ്ജുവും ചേർന്ന് 23 റൺസ് അടിച്ചെടുത്തതോടെ ഇന്ത്യൻ സ്കോർ അതിവേഗം ഉയർന്നു. എന്നാൽ നാലാം ഓവറിൽ മുസർബാനിയുടെ സ്ലോ ബോൾ തിരിച്ചറിയാതെ സിക്സറിന് ശ്രമിച്ച സഞ്ജു ഡീപ് മിഡ് വിക്കറ്റിൽ റ്യാൻ ബേളിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.

Also Read: സഞ്ജു തിരിച്ചെത്തി, പുതിയ റോളിൽ; സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം

സഞ്ജു പുറത്തായെങ്കിലും ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് (48 റൺസ്) കെട്ടിപ്പടുക്കാൻ ഇരുവർക്കും സാധിച്ചു. സഞ്ജുവിന് വലിയൊരു ഇന്നിംഗ്സ് നഷ്ടമായെങ്കിലും പകരമെത്തിയ ഇഷാൻ കിഷനും ഓപ്പണർ അഭിഷേക് ശർമ്മയും തകർത്തടിക്കുന്നത് ഇന്ത്യക്ക് ആശ്വാസമാകുന്നു. പവർ പ്ലേ അവസാനിക്കുമ്പോൾ അഭിഷേക് 33 റൺസുമായും ഇഷാൻ കിഷൻ 15 റൺസുമായും ക്രീസിലുണ്ട്.

Share Email
Top