സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്ന് കളിക്കളത്തില്‍, സഞ്ജുവും സംഘവും

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്ന് കളിക്കളത്തില്‍, സഞ്ജുവും സംഘവും

ചെന്നൈ: ഐ.പി.എല്‍ 17-ാം സീസണ്‍ അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ഒന്നാം ക്വാളിഫയര്‍ ജയിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിന് ടിക്കറ്റെടുത്തു കഴിഞ്ഞു. കലാശപ്പോരാട്ടത്തിനുള്ള രണ്ടാം ടീമിനെ ഉറപ്പിക്കാനുള്ള ക്വാളിഫയര്‍ മത്സരത്തിന് ഇന്ന് ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയം സാക്ഷിയാകും. മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് രാത്രി 7.30ന് ആരംഭിക്കുന്ന നിര്‍ണായക മത്സരത്തില്‍ നേരിടുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ വന്‍ കുതിപ്പു നടത്തിയ രാജസ്ഥാനു പിന്നീട് ആ ഫോം നിലനിര്‍ത്താന്‍ കളിയാതെ പോയത് ആശങ്കയായിട്ടുണ്ട്. ജോസ് ബട്ടറുടെ അഭാവത്തില്‍ ടീമിലെത്തിയ ഓപ്പണര്‍ ടോം കോഹ്ലര്‍-കഡമോര്‍ ഫോമിലേക്ക് ഉയരാത്തതും ടീമിന് തലവേദനയാണ്. രവിചന്ദ്രന്‍ അശ്വിനും യുസ്വേന്ദ്ര ചഹലും ഉള്‍പ്പെടുന്ന ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റും രാജസ്ഥാന്റെ പ്രതീക്ഷയുയര്‍ത്തുന്നു. മറുഭാഗത്ത് കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് സണ്‍റൈസേഴ്സ് ടൂര്‍ണമെന്റില്‍ ഈ ഘട്ടം വരെ എത്തിയത്.

അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ആരംഭിക്കുന്ന ബാറ്റിങ് വെടിക്കെട്ട് പിന്നീട് എയ്ഡന്‍ മാര്‍ക്രം, ഹെയ്ന്റിച്ച് ക്ലാസന്‍ തുടങ്ങിയവര്‍ ഏറ്റെടുക്കുന്നതോടെ പടുകൂറ്റന്‍ ഇന്നിങ്സ് സൃഷ്ടിക്കാന്‍ കെല്‍പുള്ള ടീമായി ഓറഞ്ച് പട മാറുന്നു. റണ്ണൊഴുക്കിന് തടയിടാന്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ചെപ്പോക്ക് ബാറ്റര്‍മാരുടെ വിളനിലമാകും.കഴിഞ്ഞ മത്സരത്തില്‍നിന്ന് വലിയ മാറ്റങ്ങളില്ലാതെയാകും രാജസ്ഥാന്‍ ഇന്നത്തെ മത്സരത്തിന് ടീമിനെ ഇറക്കുക. കാഡ്‌മോറും ജയ്സ്വാളും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. മൂന്നാം നമ്പരില്‍ ക്യാപ്റ്റന്‍ സഞ്ജുവും നാലാം നമ്പരില്‍ ഫോമില്‍ തുടരുന്ന റിയാന്‍ പരാഗും കളിക്കുമെന്ന കാര്യം ഉറപ്പിക്കാം. ധ്രുവ്ജുറേല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍ എന്നിവര്‍ മധ്യനിരയ്ക്ക് കരുത്താവും. ഇതില്‍ ഹെറ്റ്‌മെയറിനെ കഴിഞ്ഞ മത്സരത്തേതിനു സമാനമായി ഇംപാക്ട് പ്ലെയറാക്കാനാണ് സാധ്യത കൂടുതല്‍. ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട് ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍ എന്നിവരടങ്ങുന്നതാവും രാജസ്ഥാന്‍ ഇലവന്‍. എലിമിനേറ്ററില്‍ ആര്‍.സി.ബിയെ തകര്‍ത്ത ആത്മവിശ്വാസവുമായാണ് സഞ്ജുവും സംഘവും ചെന്നൈയില്‍ എത്തുന്നത്. ആദ്യ സീസണു ശേഷം ടീമിനായി മറ്റൊരു കിരീടം നേടുകയെന്ന ദൗത്യവുമായാണ് ഈ സീസണില്‍ രാജസ്ഥാന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്.

Top