തിരുവനന്തപുരം: യാത്രയ്ക്കിടയിൽ ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്ക് ഇനി കെഎസ്ആർടിസി കേന്ദ്രങ്ങളിൽ തന്നെ പരിഹാരം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്ന ‘വോമൻ – വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്രുവൽ നീഡ്സ്’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ വനിതാ-ശിശു വികസന, തൊഴിൽ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു.
സ്ത്രീകളുടെ ആരോഗ്യത്തിന്റെയും അന്തസ്സിന്റെയും ഭാഗമാണ് ആർത്തവ ശുചിത്വമെന്ന് മന്ത്രി പറഞ്ഞു. യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് സാനിറ്ററി നാപ്കിനുകൾ ലഭ്യമാകുന്നത് അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗിച്ച നാപ്കിനുകൾ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനുള്ള സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 14 കെഎസ്ആർടിസി കേന്ദ്രങ്ങളിലാണ് സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നത്. ശുചിമുറികൾക്ക് സമീപമാണ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകളാണ് ഉണ്ടാകുക. ഒരു പാക്കറ്റിന് 10 രൂപയാണ് വില. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ എച്ച്എൽഎൽ ലൈഫ് കെയറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മെഷീനുകളിൽ നാപ്കിനുകൾ നിറയ്ക്കുന്നതിനും ഇൻസിനറേറ്ററുകൾ ശുചിയാക്കുന്നതിനും കെഎസ്ആർടിസിയിലെ ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനവും നൽകും. പദ്ധതിയുടെ ആദ്യഘട്ടത്തിനായി 16 ലക്ഷം രൂപയാണ് വകുപ്പ് വകയിരുത്തിയിരിക്കുന്നത്.
കെഎസ്ആർടിസി ഡിപ്പോകൾക്ക് പുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മറ്റ് പൊതുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. 93 കെഎസ്ആർടിസി ഡിപ്പോകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കണമെന്ന ആവശ്യം കെഎസ്ആർടിസി മുന്നോട്ടുവച്ചിട്ടുണ്ട്. ഘട്ടംഘട്ടമായി കൂടുതൽ കേന്ദ്രങ്ങളിലേക്ക് പദ്ധതി എത്തിക്കുന്നതിലൂടെ സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള സാഹചര്യം ശക്തിപ്പെടുത്താനാകുമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് സഹായം നൽകുന്നതിൽ മാത്രം ഒതുങ്ങാതെ സുരക്ഷ, ആരോഗ്യം, സാമ്പത്തിക സ്വയംപര്യാപ്തത, സാമൂഹിക പങ്കാളിത്തം, അന്തസ്സ്, ആത്മവിശ്വാസം എന്നിവ ഉറപ്പാക്കുകയാണ് വനിതാ-ശിശു വികസന വകുപ്പിന്റെ വിശാലമായ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.






