പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പനമ്പള്ളി നഗറിൽ തുടക്കമായി. പ്രശസ്ത നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചടങ്ങിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാന കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്.
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘ജോ ആൻഡ് ജോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡിനോയ് തന്നെയാകും ചിത്രത്തിന് കഥയൊരുക്കുന്നതും. മലയാളത്തിലെ ഹിറ്റ് മേക്കറായ ആഷിഖ് ഉസ്മാന്റെ ഉടമസ്ഥതയിലുള്ള ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രമാണിത്. ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റിങ് ചമൻ ചാക്കോ, സംഗീതം വിഷ്ണു വിജയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്സ് സേവ്യർ.
Also Read: ബേസിൽ-ടൊവിനോ കൂട്ടുകെട്ടിൽ ‘അതിരടി’; റൺ ടൈം വിവരങ്ങൾ എത്തി
ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അരുൺ ഡി ജോസ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. നിമേഷ് എം താനൂർ (കല), മഷർ ഹംസ (വസ്ത്രാലങ്കാരം) എന്നിവരും അണിയറയിലുണ്ട്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.






