സാൻ ഫെർണാണ്ടോ ഇന്ത്യൻ തീരത്തേക്ക്;സ്വാഗതം ചെയ്യാനൊരുങ്ങി വിഴിഞ്ഞം

സാൻ ഫെർണാണ്ടോ ഇന്ത്യൻ തീരത്തേക്ക്;സ്വാഗതം ചെയ്യാനൊരുങ്ങി വിഴിഞ്ഞം

തിരുവനന്തപുരം; വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേയ്ക്ക് ചരക്കും കൊണ്ട് ആദ്യമായെത്തുന്ന കണ്ടെയ്‌നര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോ ഇന്ത്യന്‍ തീരത്തേക്ക്. ശ്രീലങ്കന്‍ തീരം കടന്ന കപ്പലിന്റെ നിലവിലെ വേഗം മണിക്കൂറില്‍ 16 നോട്ടിക്കല്‍ മൈല്‍ ആണ്. ചൈനയിലെ സിയാമെൻ തുറമുഖത്തു നിന്നു പുറപ്പെട്ട 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ, 11നു പുലർച്ചെ വിഴിഞ്ഞത്ത് എത്തും.

20 അടിക്കു തുല്യമായ വലുപ്പമുള്ള കണ്ടെയ്നറാണ് ഒരു ടിഇയു. കപ്പലിൽ നിന്നു 2000 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങൾക്കായി തുറമുഖത്തെ സേവനം പ്രയോജനപ്പെടുത്തും.

ഈ മാസം 12നാണ് വിഴിഞ്ഞത്തെ ട്രയൽ റൺ ആരംഭിക്കുക. കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാണ്ടോ’യെ 12ന് രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മുഖ്യാതിഥിയാകുന്ന കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനാവാൾ ബുധനാഴ്ച കേരളത്തിൽ എത്തും.

മൂന്നു മാസം വരെ നീളുന്ന ട്രയൽ ഓപ്പറേഷൻ സമയത്ത് വലിയ കപ്പലുകൾ ഇവിടെ വരും. ആഴ്ചകൾക്കുള്ളിൽ തന്നെ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കപ്പലും വിഴിഞ്ഞത്ത് എത്തും. ട്രാൻസ്ഷിപ്മെന്റിനുള്ള ഫീഡർ കപ്പലുകൾ 13 മുതലാണ് എത്തി തുടങ്ങുക.

Top