പതിവ് ഷെഡ്യൂള്‍ അനുസരിച്ചുതന്നെ സല്‍മാന്‍ കാര്യങ്ങള്‍ ചെയ്യും; സല്‍മാന്‍ ഖാന്റെ പിതാവ്

പതിവ് ഷെഡ്യൂള്‍ അനുസരിച്ചുതന്നെ സല്‍മാന്‍ കാര്യങ്ങള്‍ ചെയ്യും; സല്‍മാന്‍ ഖാന്റെ പിതാവ്

മുംബൈ: ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനുമുന്നില്‍ വെടിവെപ്പുണ്ടായത്. അദ്ദേഹത്തിന്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. നടന്റെ വീടിന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് സല്‍മാന്റെ പിതാവ് സലിം ഖാന്‍.

പതിവ് ഷെഡ്യൂള്‍ അനുസരിച്ചുതന്നെ സല്‍മാന്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് സലിം ഖാന്‍ പറഞ്ഞു. ഒരു ദേശിയ മാധ്യമത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒന്നും പേടിക്കാനില്ല. സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. സല്‍മാന്റെ കുടുംബത്തിന് പൂര്‍ണമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും സലിം ഖാന്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു വീടിനുമുന്നില്‍ വെടിവെപ്പുണ്ടായത്.

അതേസമയം, വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി രംഗത്ത് വന്നിരുന്നു. തമാശയല്ലെന്നും, തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ ബിഷ്ണോയി സമൂഹമാധ്യമത്തില്‍ കുറിച്ചു. സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകനെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. 1998-ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സംഭവത്തിന്റെ പകയിലാണ് ലോറന്‍സ് ബിഷ്‌ണോയി നടനെ വകവരുത്താന്‍ ശ്രമിക്കുന്നത്.

ദീര്‍ഘനാളുകളായി ലോറന്‍സ് ബിഷ്ണോയിയുടെ സംഘം സല്‍മാന് നേരേ വധഭീഷണി ഉയര്‍ത്തുകയാണ്. ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെട്ട വിശാല്‍ എന്നു വിളിക്കുന്ന കാലുവും തിരിച്ചറിയാത്ത ഒരാളും ചേര്‍ന്നാണ് വെടിവെച്ചതെന്ന് മുംബൈ പൊലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു. ഇവരുടെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവിട്ടു. ബാന്ദ്രയിലെ വീടായ ഗാലക്സി അപ്പാര്‍ട്ട്മെന്റിനുനേരേ ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയാണ് വെടിവെപ്പുനടന്നത്. സംഭവം നടക്കുമ്പോള്‍ സല്‍മാന്‍ഖാന്‍ വീട്ടിലുണ്ടായിരുന്നു.

Top