ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പനയും വീണ്ടെടുക്കലും സംബന്ധിച്ച പ്രവർത്തന നടപടിക്രമങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത്. നിയമത്തിലെ ‘കൊമേഴ്ഷ്യൽ കോൺഫിഡൻസ്’ എന്ന ഇളവ് ഉദ്ധരിച്ചായിരുന്നു വിവരം നൽകാൻ വിസമ്മതിച്ചത്.
ആക്ടിവിസ്റ്റ് അഞ്ജലി ഭരദ്വാജാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്. ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പനയും വീണ്ടെടുക്കലും സംബന്ധിച്ച് എസ്ബിഐയുടെ അംഗീകൃത ശാഖകൾക്ക് നൽകിയ പ്രവർത്തന നടപടിക്രമങ്ങളുടെ വിശദാംശങ്ങളാണ് ഇവർ തേടിയത്.