വിദേശസഞ്ചാരികളെ വരവേൽക്കാൻ സാലമും സലാമയും; ദുബായിൽ ‘പ്രൗഡ് ഓഫ് യു.എ.ഇ.’ കാംപെയ്‌ന് ഉജ്ജ്വല തുടക്കം

രാജ്യത്തിന്റെ ആതിഥേയത്വ മര്യാദകൾ സന്ദർശകർക്ക് നേരിട്ട് അനുഭവവേദ്യമാക്കുന്ന രീതിയിലാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ

വിദേശസഞ്ചാരികളെ വരവേൽക്കാൻ സാലമും സലാമയും; ദുബായിൽ ‘പ്രൗഡ് ഓഫ് യു.എ.ഇ.’ കാംപെയ്‌ന് ഉജ്ജ്വല തുടക്കം
വിദേശസഞ്ചാരികളെ വരവേൽക്കാൻ സാലമും സലാമയും; ദുബായിൽ ‘പ്രൗഡ് ഓഫ് യു.എ.ഇ.’ കാംപെയ്‌ന് ഉജ്ജ്വല തുടക്കം

ദുബായ്: യു.എ.ഇ.യുടെ തനിമയും സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ വിളിച്ചോതുന്ന ‘പ്രൗഡ് ഓഫ് യു.എ.ഇ.’ കാംപെയ്‌ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശകരമായ തുടക്കം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ഈ ദേശീയ പദ്ധതിയുടെ ഭാഗമായി ദുബായ് താമസ, കുടിയേറ്റ വകുപ്പ് വിപുലമായ ആഘോഷ പരിപാടികളാണ് വിമാനത്താവളത്തിൽ ഒരുക്കിയത്.

രാജ്യത്തിന്റെ ആതിഥേയത്വ മര്യാദകൾ സന്ദർശകർക്ക് നേരിട്ട് അനുഭവവേദ്യമാക്കുന്ന രീതിയിലാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങൾ. പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളിൽ കാംപെയ്‌നിന്റെ ലോഗോകൾ പ്രദർശിപ്പിച്ചതിനൊപ്പം, യാത്രക്കാരുടെ പാസ്‌പോർട്ടുകളിൽ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പതിപ്പിച്ചു നൽകുന്നതും സന്ദർശകർക്ക് വേറിട്ട അനുഭവമായി. കൂടാതെ, രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വ്യക്തമാക്കുന്ന പ്രത്യേക ബ്രോഷറുകളും യാത്രക്കാർക്ക് വിതരണം ചെയ്തു.

Also Read: ദുബായ് വിമാനത്താവളത്തിലെ ‘റെഡ് കാർപെറ്റ്’ കുതിക്കുന്നു; ഒരു വർഷത്തിനിടെ സേവനം തേടിയത് എട്ടു ലക്ഷം യാത്രക്കാർ

കാംപെയ്‌നിന്റെ ഔദ്യോഗിക പ്രതിനിധികളായ സാലം, സലാമ എന്നീ കഥാപാത്രങ്ങളായിരുന്നു വിമാനത്താവളത്തിലെ പ്രധാന ആകർഷണം. കുട്ടികളോടും വിദേശ സഞ്ചാരികളോടും സംവദിച്ച ഇവർ സന്ദർശകർക്കൊപ്പം ഫോട്ടോയെടുക്കാനും സമ്മാനങ്ങൾ നൽകാനും സമയം കണ്ടെത്തിയത് വിമാനത്താവളത്തിൽ എത്തിയ കുടുംബങ്ങളിൽ വലിയ ആവേശം പടർത്തി.

വിമാനത്താവളത്തിന് പുറമെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കാംപെയ്ൻ വ്യാപിച്ചിട്ടുണ്ട്. എം.എസ്.ടി. അക്കാദമിയുടെ സഹകരണത്തോടെ ദുബായിലെ ബീച്ച് മേഖലകളിൽ കുട്ടികൾക്കായി കായിക മത്സരങ്ങളും ചിത്രരചനാ വർക്ക്‌ഷോപ്പുകളും സംഘടിപ്പിച്ചു. ദേശീയ പതാകയും പൈതൃക ചിഹ്നങ്ങളും വിഷയമാക്കി കുട്ടികൾ വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇൻസ്റ്റന്റ് ക്യാമറകൾ ഉപയോഗിച്ച് തങ്ങൾ വരച്ച ചിത്രങ്ങൾക്കൊപ്പം ഫോട്ടോയെടുക്കാനുള്ള സൗകര്യവും കുട്ടികൾക്ക് ഒരുക്കിയിരുന്നു.

Also Read: സാമ്പത്തിക സുസ്ഥിരതയ്ക്ക് ചെറുകിട വ്യവസായങ്ങൾ കരുത്തേകും; ബഹ്റൈൻ വ്യവസായ മന്ത്രി

സ്വദേശികളും വിദേശികളും ഒരേപോലെ പങ്കുചേർന്ന ആഘോഷങ്ങൾ യു.എ.ഇ.യുടെ ഐക്യവും അഭിമാനവും പ്രതിഫലിപ്പിക്കുന്നതായി. ദുബായിലെത്തുന്ന ഓരോ സന്ദർശകന്റെയും മനസ്സിൽ രാജ്യത്തിന്റെ സംസ്കാരവും സ്നേഹവും തൊട്ടറിയുന്ന ഒരു അനുഭവം സമ്മാനിക്കുകയാണ് ഈ വിപുലമായ കാംപെയ്‌നിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Share Email
Top