തോല്‍ക്കുമ്പോള്‍ മാത്രം സാകയുടെ ചിത്രം കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരേ കിക് ഇറ്റ് ഔട്ടിന്റെ തുറന്ന കത്ത്

തോല്‍ക്കുമ്പോള്‍ മാത്രം സാകയുടെ ചിത്രം കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരേ കിക് ഇറ്റ് ഔട്ടിന്റെ തുറന്ന കത്ത്

കഴിഞ്ഞ യൂറോ കപ്പില്‍ വെംബ്ലിയെ നിശബ്ദമാക്കി അസൂറികളുടെ പുഞ്ചിരി വിടര്‍ന്നപ്പോള്‍ മൂന്ന് താരങ്ങളുടെ കണ്ണീര് മണ്ണില്‍ വീണു. മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ജേഡണ്‍ സാഞ്ചോ, ബുക്കായോ സാക്ക. ഷൂട്ടൗട്ടില്‍ അന്ന് പെനാല്‍റ്റി പാഴാക്കിയ കുടിയേറ്റക്കാരെ യൂറോ ഫൈനലിന് ശേഷം ഇംഗ്ലീഷ് ആരാധകര്‍ മൈതാനത്തിന് പുറത്ത് ക്രൂരമായാണ് വേട്ടയാടിയത്. ആ മൂന്നു പേരെ ടീമില്‍ നിന്ന് പുറത്താക്കണം എന്ന മുറവിളികള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കേട്ടു.

പെനാല്‍റ്റി നഷ്ടമാക്കിയപ്പോഴെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് തനിക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നെന്നും ഒരു വംശീയാധിക്ഷേപത്തിനും തന്നെ തകര്‍ക്കാനാവില്ലെന്നും ബുക്കായോ സാക്ക പ്രതികരിച്ചു. ഞാനാരാണ് എന്നതിന്റെ പേരില്‍ ഞാനൊരാളോടും മാപ്പ് പറയാന്‍ പോവുന്നില്ലെന്നായിരുന്നു റഷ്‌ഫോര്‍ഡിന്റെ പ്രതികരണം. ‘ഞാന്‍ മാര്‍ക്കസ് റഷ്‌ഫോര്‍ഡ്. 23 വയസ്, വിതിങ്ടണില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരന്‍ എന്ന് തുടങ്ങുന്ന റാഷ്‌ഫോര്‍ഡിന്റെ കുറിപ്പ് ഫുട്‌ബോള്‍ ലോകത്തെ പ്രകമ്പനം കൊള്ളിച്ചു. താരങ്ങള്‍ക്ക് പിന്തുണയുമായി ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ അന്ന് പരസ്യമായി രംഗത്തു വന്നു.

എന്നാല്‍ കളിക്കളത്തിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വംശീയത ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് മാധ്യമങ്ങള്‍ക്ക് ഫുട്‌ബോള്‍ മൈതാനങ്ങളിലെ വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയായ കിക്ക് ഇറ്റ് ഔട്ട് ഒരു തുറന്ന കത്തയച്ചു. യൂറോ കപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ ഐസ്‌ലന്റിനോട് ഞെട്ടിക്കുന്ന തോല്‍വി ഏറ്റതിനു പിന്നാലെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബുക്കായോ സാക്കയുടെ ചിത്രമാണ് കിക്ക് ഇറ്റ് ഔട്ടിനെ ചൊടിപ്പിച്ചത്. ഇംഗ്ലണ്ട് തോല്‍ക്കുമ്പോഴൊക്കെ തലവാചകങ്ങള്‍ക്ക് താഴെ ബുകായോ സാകയടക്കമുള്ള കറുത്ത വര്‍ഗക്കാരായ കളിക്കാരുടെ മാത്രം ചിത്രം കൊടുക്കുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തായിരുന്നു ഈ കത്ത്.

എതിരില്ലാത്ത ഒരു ഗോളിനാണ് ഐസ്‌ലന്റിനോട് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. കളിയുടെ 65ാം മിനിറ്റിലാണ് ആന്റണി ഗോര്‍ഡന് പകരക്കാരനായി ബുകായോ സാക മൈതാനത്ത് എത്തുന്നത് തന്നെ. 12ാം മിനിറ്റില്‍ ഇംഗ്ലണ്ട് ഗോള്‍ വഴങ്ങിയപ്പോള്‍ മൈതാനത്ത് ഇല്ലാത്ത സാക്കയുടെ ചിത്രമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളും അടുത്ത ദിവസമിറങ്ങിയ പത്രങ്ങളും തോല്‍വിയെക്കുറിച്ച വാര്‍ത്തകള്‍ക്കൊപ്പം ചേര്‍ത്തത്. ഇതോടെ 2021ലെ വിവാദങ്ങള്‍ക്ക് ശേഷം അടുത്ത യൂറോക്ക് മുമ്പേ വംശീയതയെക്കുറിച്ച ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് നിറഞ്ഞു. വിവേചനത്തെക്കുറിച്ചും വംശീയതയെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, സ്വന്തം ന്യൂസ് റൂമുകളിലുള്ള വംശീയതയെ ചെറുക്കാനും മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് കിക്ക് ഇറ്റ് ഔട്ട് തങ്ങളുടെ കത്തില്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

വിനീഷ്യസ് ജൂനിയറിനെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളെ തുടര്‍ന്ന് മൂന്ന് വലന്‍സിയ ആരാധകര്‍ക്ക് കഴിഞ്ഞ ദിവസമാണ് എട്ട് മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. ഒരു ഫുട്‌ബോള്‍ മത്സരത്തിലെ വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ ലഭിക്കുന്ന ആദ്യത്തെ തടവു ശിക്ഷയാണിത്.

Top