ഒരുപാട് വേരുകള്‍ തെന്നിന്ത്യയിലുള്ള താരകുടുംബമാണ് അല്ലു-കൊനിഡേല. അല്ലു രാമലിംഗത്തിന്റെ മകളായ സുരേഖയാണ് ഈ രണ്ട് കുടുംബങ്ങളേയും ചേര്‍ത്തുനിര്‍ത്തുന്ന കണ്ണി. സുരേഖയെ വിവാഹം ചെയ്തത് കൊനിഡേല കുടുംബത്തില്‍ നിന്നുള്ള ചിരഞ്ജീവിയാണ്. അല്ലു കുടുംബവും കൊനിഡേല കുടുംബവുമാണ് തെലുങ്ക് സിനിമയുടെ നട്ടെല്ല്. അല്ലു രാമലിംഗത്തിന്റെ മകന്‍ അല്ലു അരവിന്ദിന്റെ മക്കളായ അല്ലു അര്‍ജുനും അല്ലു സിരീഷും നടന്‍മാരാണ്. അല്ലു വെങ്കടേഷ് മാത്രമാണ് ബിസിനസിലേക്ക് വഴിമാറിയത്. അതുപോലെ ചിരഞ്ജീവിയും സഹോദരങ്ങളായ നാഗേന്ദ്ര ബാബുവും പവന്‍ കല്ല്യാണുമാണ് തെലുങ്ക് സിനിമയെ ഭരിക്കുന്നത്. ചിരഞ്ജീവിയുടേയും സുരേഖയുടേയും മകന്‍ രാം ചരണും നാഗേന്ദ്ര ബാബുവിന്റെ മക്കളായ വരുണ്‍ തേജയും നിഹാരിക കൊനിഡേലും തെലുങ്കില്‍ തിരക്കുള്ള അഭിനേതാക്കളായി മാറിക്കഴിഞ്ഞു. ചിരഞ്ജീവിയുടെ സഹോദരി വിജയ ദുര്‍ഗയുടെ മകന്‍ സായ് തേജും തെലുങ്കില്‍ തന്റേതായ മേല്‍വിലാസമുണ്ടാക്കിയിട്ടുണ്ട്.എന്നാല്‍ ഈ കുടുംബങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളുടെ കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പവന്‍ കല്ല്യാണ്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതാണ് ഈ പ്രശ്‌നങ്ങളുടെ തുടക്കം. ബിജെപിയുടെ പിന്തുണയോടെയാണ് പവന്‍ കല്ല്യാണിന്റെ പാര്‍ട്ടി ജെഎസ്പി നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിച്ചത്. പിതാപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ച പവന്‍ കല്ല്യാണ്‍ ആന്ധ്രാപ്രദേശിന്റെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. എന്നാല്‍ അതേ ദിവസം സായ് തേജ്, അല്ലു അര്‍ജുനേയും ഭാര്യ സ്‌നേഹ റെഡ്ഡിയേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് അണ്‍ഫോളോ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിലും ഹൈദരാബാദില്‍ നടത്തിയ വിജയാഘോഷത്തിന്റെ ഭാഗമായുള്ള പാര്‍ട്ടിയിലും അല്ലു അര്‍ജുനും കുടുംബവും പങ്കെടുത്തിട്ടില്ല. ബന്ധുക്കള്‍ എന്നതിലുപരി അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു അല്ലു അര്‍ജുനും സായ് തേജും. രാഷ്ട്രീയപരമായി അല്ലു എതിര്‍ ചേരിയില്‍ നില്‍ക്കുന്നതുകൊണ്ടാണ് ഈ പ്രശ്നങ്ങളുണ്ടായതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സിപി സ്ഥാനാര്‍ഥി എസ് രവിചന്ദ്ര കിഷോര്‍ റെഡ്ഡിയുടെ നന്ദ്യാലയിലെ പ്രചാരണത്തിന് അല്ലു അര്‍ജുനും പങ്കെടുത്തിരുന്നു. അടുത്ത സുഹൃത്തായതിനാലാണ് താന്‍ പ്രചാരണത്തിന്റെ ഭാഗമായതെന്ന് അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ പവന്‍ കല്ല്യാണിന് വിജയാശംസകളും നേര്‍ന്നിരുന്നു. ഇതെല്ലാം ആന്ധ്രാ പ്രദേശ് രാഷ്ട്രീയത്തില്‍ ചര്‍ച്ചാവിഷയമാകുകയും ചെയ്തു.