സോഷ്യൽ മീഡിയയിൽ തരംഗമായി സച്ചിൻ ടെൻഡുൽക്കറിന്റെയും മോഹൻലാലിന്റെയും സഞ്ജു സാംസണിന്റെയും രസകരമായ സംഭാഷണം. റെഡ്ഡിറ്റിൽ ആരാധകരുമായുള്ള ചോദ്യോത്തര വേളയ്ക്കിടെയാണ് സച്ചിൻ, മലയാളത്തിലെ ഐക്കോണിക് സിനിമാ സംഭാഷണമായ “നീ പോ മോനെ ദിനേശാ…” പ്രയോഗിച്ച് ആരാധകരെ ഞെട്ടിച്ചത്.
ടി20 ലോകകപ്പ് വിജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസണ് നൽകിയ ഉപദേശം എന്തായിരുന്നു എന്ന ആരാധകന്റെ ചോദ്യത്തിനായിരുന്നു സച്ചിന്റെ ഈ മാസ് മറുപടി. സച്ചിന്റെ മറുപടി സഞ്ജു തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും, ഈ വാക്കിന്റെ യഥാർത്ഥ അർത്ഥം വിശദീകരിക്കാൻ ‘ലാലേട്ടൻ’ തന്നെയാണ് യോഗ്യനെന്ന് കുറിച്ച് മോഹൻലാലിനെ ടാഗ് ചെയ്യുകയും ചെയ്തു.
Also Read: ഇന്ത്യക്കെതിരെ റൺമഴ പെയ്യിച്ചവർ ! ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പോരാട്ടത്തിലെ റൺവേട്ടക്കാർ ഇവരാണ്
സഞ്ജുവിന്റെ പോസ്റ്റ് കണ്ടതോടെ മാസ് മറുപടിയുമായി ലാലേട്ടനുമെത്തി. “മോനെ സഞ്ജു… സിക്സറടിച്ച ശേഷം ബൗളർമാരോട് സച്ചിൻ പറഞ്ഞിരുന്നത് ‘നീ പോ മോനെ ദിനേശാ.. നീ പോയി അടുത്ത പന്തെറിയ്’ എന്നായിരുന്നു. ഇപ്പോൾ നീയും അതുതന്നെയാണ് ചെയ്യുന്നത്. അത് തുടരൂ, അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു…” എന്നായിരുന്നു മോഹൻലാൽ കുറിച്ചത്. ഇന്ത്യൻ ക്രിക്കറ്റിലെയും മലയാള സിനിമയിലെയും ഇതിഹാസങ്ങൾ തമ്മിലുള്ള ഈ സംഭാഷണം നിമിഷങ്ങൾക്കകമാണ് വൈറലായത്.






