പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദർശനത്തിന് തീർത്ഥാടകർക്ക് ഫ്ലൈ ഓവർ ഒഴിവാക്കി നേരിട്ട് അയ്യപ്പ ദർശനം സാധ്യമാക്കാൻ പുതിയ പദ്ധതിയൊരുങ്ങുന്നു. മീനമാസ പൂജക്ക് നട തുറക്കുന്ന മാർച്ച് 14 മുതലുള്ള അഞ്ച് ദിവസങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഇക്കാര്യം നടപ്പാക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
പതിനെട്ടാം പടി കയറിയെത്തുന്ന തീർത്ഥാടകരെ കൊടിമരത്തിന്റെ ഇരു വശങ്ങളിലൂടെ ബലിക്കൽപ്പുര വഴി നേരിട്ട് ശ്രീകോവിലിന് മുമ്പിലേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. ഫ്ലൈ ഓവർ വഴി കടത്തിവിടുമ്പോൾ നടക്കു മുമ്പിൽ എത്തുന്ന തീർത്ഥാടകർക്ക് നാലോ അഞ്ചോ സെക്കൻഡുകൾ മാത്രമാണ് ദർശന സൗകര്യം ലഭിച്ചിരുന്നത്. പുതിയ രീതി നടപ്പിലാകുന്നതോടെ കുറഞ്ഞത് 20 സെക്കൻഡ് നേരമെങ്കിലും ദർശനം ലഭിക്കും.
Also Read: ആനയിടഞ്ഞുണ്ടായ അപകടം; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
അതേസമയം പുതിയ സംവിധാനം നടപ്പിലാക്കാൻ തന്ത്രിയുടെ അനുജ്ഞയും ഹൈക്കോടതിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. മരക്കൂട്ടം വരെ ക്യൂ നീളുന്ന സാഹചര്യമോ, മറ്റ് അടിയന്തര ഘട്ടങ്ങളോ വന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിനായി ഫ്ലൈ ഓവർ നിലനിർത്താനാണ് തീരുമാനം.