ശബരിമല യാത്ര ഇനി സുഗമം; പമ്പയിലേക്കും നിലയ്ക്കലിലേക്കും പ്രത്യേക കെഎസ്ആർടിസി സർവീസുകൾ, വിശ്രമസൗകര്യങ്ങളും തയ്യാർ!

മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും സർവീസിനായി വിന്യസിക്കും

ശബരിമല യാത്ര ഇനി സുഗമം; പമ്പയിലേക്കും നിലയ്ക്കലിലേക്കും പ്രത്യേക കെഎസ്ആർടിസി സർവീസുകൾ, വിശ്രമസൗകര്യങ്ങളും തയ്യാർ!
ശബരിമല യാത്ര ഇനി സുഗമം; പമ്പയിലേക്കും നിലയ്ക്കലിലേക്കും പ്രത്യേക കെഎസ്ആർടിസി സർവീസുകൾ, വിശ്രമസൗകര്യങ്ങളും തയ്യാർ!

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. മണ്ഡലപൂജ കാലത്ത് 461 ബസുകളും മകരവിളക്ക് സമയത്ത് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ വാഹനങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, തൃശൂർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ പ്രമുഖ കേന്ദ്രങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ ഉണ്ടാകും. മണ്ഡലപൂജാ ഘട്ടത്തിൽ നിലയ്ക്കലിൽ 180 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 220 ബസുകളും സർവീസിനായി വിന്യസിക്കും.

പ്രത്യേക സർവീസുകളുടെ നടത്തിപ്പിനായി പമ്പയിലും നിലയ്ക്കലുമായി 1,456 ജീവനക്കാരെ രണ്ട് ഘട്ടങ്ങളിലായി നിയോഗിക്കും. ഇതിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ, ഇൻസ്പെക്ടർമാർ, മെക്കാനിക്കുകൾ, സുരക്ഷാ ജീവനക്കാർ എന്നിവർ ഉൾപ്പെടുന്നു. സുഗമമായ പ്രവർത്തനങ്ങൾക്ക് ജീവനക്കാർക്ക് ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ പരിശീലനങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ, ബജറ്റ് ടൂറിസം സെൽ മുഖേന ചാർട്ടേഡ് ട്രിപ്പുകളും ഓൺലൈൻ റിസർവേഷൻ സൗകര്യങ്ങളും ക്രമീകരിക്കും. തീർത്ഥാടകർക്ക് വിരിവെക്കാനും വിശ്രമിക്കാനുമായി തെരഞ്ഞെടുക്കപ്പെട്ട എഴുപതിലേറെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സർവീസുകളുടെ വിവരങ്ങൾ കെഎസ്ആർടിസി വൈകാതെ പുറത്തുവിടും.

Also Read:മൈസൂരുവിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

തീർത്ഥാടകർക്ക് മികച്ച സൗകര്യമൊരുക്കാൻ പമ്പയിലും നിലയ്ക്കലിലും പാർക്കിങ്, ഗാരേജ്, ജീവനക്കാരുടെ വിശ്രമമുറികൾ എന്നിവ വിപുലീകരിക്കും. ത്രിവേണിയിൽ യാത്രക്കാർക്കായി വെയിറ്റിങ് ഷെഡും ബാരിക്കേഡുകളും സജ്ജമാക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും സർവീസുകൾ തടസ്സമില്ലാതെ നടത്തുന്നതിനും പമ്പ കൺട്രോൾ റൂം കേന്ദ്രീകരിച്ച് പ്രത്യേക ഏകോപന സംവിധാനം പ്രവർത്തിക്കും. നിലയ്ക്കൽ–പമ്പ റൂട്ടിലെ സമാന്തര സർവീസുകളും അനധികൃത പാർക്കിങ്ങും കർശനമായി തടയാൻ പോലീസിന്റെ സഹായം ഉറപ്പാക്കുമെന്നും, ഭക്തജനങ്ങൾക്ക് പൂർണ്ണമായും പരാതിരഹിതമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

Share Email
Top