ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവിധി ഇന്ന്

കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവിധി ഇന്ന്
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവിധി ഇന്ന്

ബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഈ കേസിൽ അന്വേഷണസംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തത് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ദ്വാരപാലക കേസിൽ നേരത്തെ തന്നെ ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബു, സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചപ്പോൾ, മറ്റൊരു പ്രതിയായ എസ്. ശ്രീകുമാറിന് തെളിവുകളുടെ അഭാവത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ശബരിമല സ്വർണക്കൊള്ള വിഷയത്തെച്ചൊല്ലി നിയമസഭ ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. പ്രതിപക്ഷ എംഎൽഎമാർ സഭാകവാടത്തിൽ സത്യഗ്രഹം തുടരുന്നതിനാൽ യുഡിഎഫ് ഇന്നും സഭാനടപടികളുമായി സഹകരിച്ചേക്കില്ല. എസ്‌ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത് ഭരണപക്ഷം പ്രതിപക്ഷത്തിനെതിരെയുള്ള ആയുധമാക്കുമ്പോൾ, പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം, എയ്ഡഡ് അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഇന്ന് സഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ബജറ്റിന്മേലുള്ള ചർച്ചകൾ ഇന്ന് പൂർത്തിയാകുന്നതോടെ സഭ പിരിയുകയും പിന്നീട് ഈ മാസം 23-ന് വീണ്ടും സമ്മേളിക്കുകയും ചെയ്യും.

Share Email
Top