പത്തനംതിട്ട: ശബരിമല തിരുവാഭരണ രജിസ്റ്ററിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. 2019-ൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിന്റെ രജിസ്റ്ററിൽ സ്വർണ്ണം, വെള്ളി എന്നിവയുടെ അളവുകളും മറ്റ് വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല.
സ്ട്രോങ്ങ് റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിരമിച്ച ശേഷവും രേഖകൾ കൈമാറാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇയാളുടെ പെൻഷൻ തടഞ്ഞുവെക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. എക്സിക്യൂട്ടീവ് ഓഫീസറായി ഡി. സുധീഷ് കുമാർ ചുമതല വഹിച്ചിരുന്ന കാലയളവിലാണ് പരിശോധനകൾ നടന്നതും ഓഡിറ്റ് സംഘത്തിന് രേഖകൾ കൈമാറിയതും.
Also Read: ‘ഭഗത് സിംഗിൻ്റെ നാട്ടുകാരാണ് നമ്മൾ, അവകാശങ്ങൾ പിടിച്ച് വാങ്ങണം’: സക്കറിയ ജോർജ്
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ ചെന്നൈയ്ക്ക് പുറമെ ഹൈദരാബാദ് കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കാൻ എസ്ഐടി തീരുമാനിച്ചു. കേസിലെ പ്രധാന കണ്ണികളായ ഹൈദരാബാദ് സ്വദേശി നാഗേഷും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക, മറ്റ് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി എസ്ഐടി തലവനായ എ.ഡി.ജി.പി.എച്ച് വെങ്കിടേഷ് നാളെ സന്നിധാനത്ത് എത്തും. ഇതിനു മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിൽ യോഗം ചേരും.













