ശബരിമല സന്നിധാനത്തെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയ കേസിൽ ദേവസ്വം ജീവനക്കാരനായ സുനിൽ കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിജിലൻസിന്റെ പത്തനംതിട്ട യൂണിറ്റാണ് ഇയാളെ പിടികൂടിയത്. കേസിലെ 13-ാം പ്രതിയായ സുനിൽ കുമാർ ഒരു ക്ഷേത്രത്തിലെ കീഴ്ശാന്തിയായാണ് ജോലി ചെയ്തിരുന്നത്. ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നാലെ പുറത്തുവന്ന നെയ്യ് വിൽപ്പന തട്ടിപ്പിലെ ആദ്യ അറസ്റ്റാണിത്.
Also Read: ശബരിമല സ്വർണ്ണക്കൊള്ള കേസ്! അന്വേഷണം ശരിയായ ദിശയിൽ; ഹൈക്കോടതി
ഹൈക്കോടതിയുടെ കർശനമായ ഇടപെടലിനെത്തുടർന്നാണ് സംസ്ഥാന വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. 2025 നവംബർ മുതൽ ഡിസംബർ വരെയുള്ള ചെറിയ കാലയളവിനുള്ളിൽ ഏകദേശം 35 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. 100 മില്ലി നെയ്യ് 100 രൂപ നിരക്കിലാണ് ഭക്തർക്ക് വിൽക്കുന്നത്. ഇതിൽ പതിനായിരക്കണക്കിന് പാക്കറ്റുകളുടെ വരുമാനം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിരുന്നു. പണം കൊള്ളയടിക്കാൻ താൽപ്പര്യമുള്ള ജീവനക്കാർ ബോർഡിലുണ്ടെന്ന ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെയാണ് വിജിലൻസ് നടപടി കർശനമാക്കിയത്.






