കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. കേസന്വേഷണത്തിനായി വിജിലൻസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി. വിജിലൻസ് മേധാവി മനോജ് എബ്രഹാമാണ് പട്ടിക സമർപ്പിച്ചത്. സംഘത്തിന്റെ മേൽനോട്ട ചുമതലയ്ക്കായി എസ്.പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരടങ്ങുന്ന മൂന്നംഗ പട്ടികയാണ് നൽകിയിട്ടുള്ളത്. അന്വേഷണ സംഘത്തലവൻ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും. വിജിലൻസിലെ അഞ്ച് ഇൻസ്‌പെക്ടർമാരും സംഘത്തിലുണ്ടാകും.
നെയ്യ് ക്രമക്കേടിന് പുറമെ ശബരിമല മെയിൻ സ്റ്റോറിലേക്ക് സാധനസാമഗ്രികൾ വാങ്ങിയതിലും വൻ തട്ടിപ്പ് നടന്നതായി ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. അഭിഷേകത്തിന്റെ മറവിൽ ആവശ്യമായതിന്റെ അഞ്ചിരട്ടിയിലധികം സാധനങ്ങൾ വാങ്ങി കൂട്ടിയതായി റിപ്പോർട്ടിലുണ്ട്. വർഷങ്ങളായി സ്റ്റോറിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും വിതരണക്കാർക്കും തട്ടിപ്പിൽ പങ്കുണ്ട്. 2017-20 കാലഘട്ടത്തിൽ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ്. മനുവിനെക്കുറിച്ചുള്ള പരാതിയിലാണ് പ്രധാന കണ്ടെത്തലുകൾ.
2020-ൽ നടത്തിയ മിന്നൽ പരിശോധനകളിൽ തേനും അരവണ നിർമ്മാണ സാമഗ്രികളും അമിതമായി കണ്ടെത്തിയിരുന്നു. മിച്ചം വന്ന അരവണ സാമഗ്രികൾ എന്തുചെയ്തുവെന്നതിൽ വ്യക്തതയില്ല. പാക്കിംഗ് സാധനങ്ങളിൽ വലിയ തോതിൽ കേടുപാടുകൾ കാണിച്ചാണ് കൃത്രിമം കാട്ടിയത്. ശബരിമലയിലെ മുൻകാല പർച്ചേസുകളിൽ സമഗ്രമായ സ്പെഷ്യൽ ഓഡിറ്റ് വേണമെന്ന് ദേവസ്വം ഓംബുഡ്സ്മാന് നൽകിയ വിജിലൻസ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.






