എന്തിനും ഒരു അവസാനമുണ്ട് എന്ന് പറയുന്നതു പോലെയാണ് പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ അവസ്ഥ. ഇറാനുമായുള്ള ആദ്യ യുദ്ധത്തിൽ, ലക്ഷ്യം കാണാതെ നാണംകെട്ട് പിൻമാറേണ്ടി വന്ന അമേരിക്കയും ഇസ്രയേലും ഈ രണ്ട് രാജ്യങ്ങളിലും നിർണ്ണായക തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രണ്ടാമതൊരു യുദ്ധത്തിന് കോപ്പ് കൂട്ടുന്നത്. ഇറാന് നേരെയുള്ള ഏതൊരു ആക്രമണവും മേഖലയെ ആകെ ആക്രമിക്കുന്നതിലാണ് കലാശിക്കുക എന്ന് ഇറാൻ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകി കഴിഞ്ഞിട്ടുണ്ട്. പൂർണ്ണമായും യുദ്ധ സജ്ജരായി നിൽക്കുന്ന ഇറാൻ്റെ മണ്ണിലേക്ക് റഷ്യയുടെ പടകൂറ്റൻ വിമാനങ്ങൾ പറന്നിറങ്ങിയത് അമേരിക്കയെയ്യും ഇസ്രയേലിനെയും ഒരു പോലെ ഭയപ്പെടുത്തുന്നതാണ്. ഇറാനിലുള്ള റഷ്യൻ ആണവനിലയത്തിലെ ഒഴിപ്പിക്കലിൻ്റെ മറവിൽ വൻ തോതിലുള്ള ആധുനിക ആയുധങ്ങൾ റഷ്യ ഇറാനിലേക്ക് എത്തിച്ചതായാണ് അമേരിക്ക സംശയിക്കുന്നത്. ഇതുസംബന്ധമായ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
ദക്ഷിണ ഇറാനിലെ ബുഷെഹർ ആണവനിലയത്തിൽ ജോലി ചെയ്യുന്ന റഷ്യൻ സാങ്കേതിക വിദഗ്ധരെയും ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ റഷ്യ ആരംഭിച്ചതായാണ് ഔദ്യോഗികമായി പുറത്തു വരുന്നതെങ്കിലും ഇത് റഷ്യയുടെ തന്ത്രമായാണ് യുദ്ധരംഗത്തെ വിദഗ്ദരും സംശയിക്കുന്നത്. കാരണം ഒരു സാഹചര്യത്തിലും ഇറാനിലെ റഷ്യൻ ആണവ നിലയം ആക്രമിച്ച് റഷ്യയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ, ഇസ്രയേൽ മാത്രമല്ല, അമേരിക്കയും ആഗ്രഹിക്കുകയില്ല. ഇത് നന്നായി അറിയാവുന്നതും റഷ്യക്ക് തന്നെയാണ്. എന്നിട്ടും റഷ്യൻ സൈനിക ട്രാൻസ്പോർട്ട് വിമാനങ്ങൾ ബുഷെഹറിലെ സൈനിക താവളത്തിൽ എത്തിയെങ്കിൽ, അത് തീർച്ചയായും ആയുധ കൈമാറ്റത്തിനു വേണ്ടി തന്നെ ആയിരിക്കും. ഒക്ടോബർ 30, 31 തീയതികളിൽ യുദ്ധം കൂടുതൽ രൂക്ഷമാകാനും പുതിയ സൈനിക ആക്രമണങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് റഷ്യൻ വിമാനങ്ങൾ കൂട്ടത്തോടെ ഇറാനിൽ ലാർഡ് ചെയ്തിരിക്കുന്നത്.
ഒക്ടോബർ 22, 23 തീയതികളിൽ റഷ്യൻ വ്യോമസേനയുടെ ഇല്യുഷിൻ (Il-76TD) ഉൾപ്പെടെയുള്ള നിരവധി കൂറ്റൻ സൈനിക ചരക്ക് വിമാനങ്ങൾ ബുഷെഹറിലെ തന്ത്രപ്രധാന വ്യോമകേന്ദ്രത്തിൽ ഇറങ്ങിയതായി ഫ്ലൈറ്റ് ട്രാക്കിങ് ഡേറ്റയും, പ്രാദേശിക മാധ്യമങ്ങളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നൊവോസിബിർസ്കിൽ നിന്നാണ് ഈ വിമാനങ്ങൾ എത്തിയത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒഴിപ്പിക്കലിനോടൊപ്പം തന്നെ, ഇറാനിയൻ സേനയ്ക്ക് ആവശ്യമായ വൻ ആയുധശേഖരം റഷ്യ എത്തിച്ചു നൽകിയിട്ടുണ്ടെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നത്. റഷ്യൻ ആണവോർജ കോർപറേഷനായ ‘റോസാറ്റം’ തങ്ങളുടെ ജീവനക്കാരെ തിരികെ വിളിക്കുമ്പോൾ തന്നെ, പശ്ചിമേഷ്യയിലെ സൈനിക ശേഷി ഇറാന് അനുകൂലമാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട് എന്നാണ് ഈ റിപ്പോർട്ടുകളിൽ പറയുന്നത്.
ബുഷെഹർ ആണവനിലയത്തിൽ ഒക്ടോബർ 12-ലെ കണക്കനുസരിച്ച് 135 റഷ്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇത് 200 ആയി ഉയർത്തുമെന്ന് റോസാറ്റം മേധാവി അലക്സി ലിഖാചെവ് ഒക്ടോബർ 16-ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഇപ്പോൾ ഒഴിപ്പിക്കൽ നടപടി നടക്കുന്നുണ്ടെങ്കിൽ, അത് ഇറാൻ്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം റഷ്യയിലേക്ക് മാറ്റുന്നതിനു വേണ്ടിയാണോ എന്ന സംശയവും പരക്കെ ഉയർന്നിട്ടുണ്ട്.
ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളിലും നാറ്റോ സഖ്യകക്ഷി രാജ്യങ്ങളിലും ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കെ, അമേരിക്ക ഏത് തരം സൈനിക നടപടി ഇറാന് എതിരെ ആരംഭിച്ചാലും ഒരു സഖ്യകക്ഷിക്ക് പോലും ഒപ്പം നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക. റഷ്യക്ക് നേരെ, യുക്രെയിനെ മുൻ നിർത്തി വർഷങ്ങളായി യുദ്ധം ചെയ്യുന്ന അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും യൂറോപ്പിലെ ഇപ്പോഴത്തെ ആഭ്യന്തര സംഘർഷം, അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന രൂപത്തിലേക്കാണ് വളർന്നിരിക്കുന്നത്. ഇറാനെ സംബന്ധിച്ചും റഷ്യയെ സംബന്ധിച്ചും ഏറ്റവും അനുകൂലമായ സാഹചര്യം കൂടിയാണിത്. ഏത് ലെവലിൽ ആക്രമിക്കാനും നിലവിലെ സാഹചര്യത്തിൻ ഈ രണ്ട് രാജ്യങ്ങൾക്കും കഴിയും. യുദ്ധം പൊട്ടി പുറപ്പെട്ടാൽ, ഇവർക്കൊപ്പം രംഗത്തിറങ്ങാനായി ഉത്തര കൊറിയയും തയ്യാറായാണ് നിൽക്കുന്നത്.
റഷ്യൻ ചേരിയുടെ പുതിയ നീക്കത്തെ അമേരിക്കയെ പോലെ തന്നെ, ഇസ്രയേൽ മാത്രമല്ല, യുക്രെയ്നും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. തങ്ങൾക്കെതിരെ ഉപയോഗിക്കാൻ ഇറാൻ റഷ്യയിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ കൈപ്പറ്റുന്നുണ്ടോ എന്നതിലാണ് ഇസ്രയേലിന്റെ ആശങ്കയെങ്കിൽ, തങ്ങൾക്കെതിരെ റഷ്യ ഉപയോഗിക്കുന്ന ‘ഷാഹെദ്’ ഡ്രോണുകളുടെയും മറ്റ് സാങ്കേതികവിദ്യകളുടെയും പകരമായി റഷ്യ ഇറാനെ സാമ്പത്തികമായും സൈനികമായും സഹായിക്കുന്നത് തങ്ങളുടെ സുരക്ഷയെ തന്നെ ബാധിക്കുമെന്ന ഭീതിയിലാണ് യുക്രെയിനുള്ളത്.
യുദ്ധഭീതി രൂക്ഷമായതോടെ ഗൾഫ് മേഖലയിലെ സമ്പന്നരും നയതന്ത്രജ്ഞരും രാജകുടുംബാംഗങ്ങളും സുരക്ഷിത താവളങ്ങൾ തേടി ഇതിനകം തന്നെ പലായനം ആരംഭിച്ചു കഴിഞിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സ്വകാര്യ വിമാനങ്ങളുടെ പുറപ്പെടലിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാനിൽ പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളുടെ എംബസി ജീവനക്കാർക്ക് ഔദ്യോഗിക ഒഴിപ്പിക്കൽ നിർദേശം ലഭിക്കുന്നതിന് മുൻപ് തന്നെ ഒക്ടോബർ 19ന് രാത്രി മുതൽ പ്രമുഖരിൽ മിക്കവരും സ്വകാര്യ വിമാനങ്ങളിൽ രാജ്യം വിട്ടുതുടങ്ങിയിട്ടുണ്ട്.
അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക്, ഇറാൻ്റെ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ലന്ന തിരിച്ചറിവാണ് ഇത്തരം ഒരു കൂട്ട പലായനത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, സൗദി അറേബ്യയ്ക്ക് ന്നേരെ, ഇറാൻ പിന്തുണയുള്ള യെമൻ വിമതർ നടത്തുന്ന ആക്രമണം മൂലം ആ രാജ്യവും വലിയ കെടുതികൾ അനുഭവിക്കുന്നുണ്ട്. ശക്തമായ വിലക്കുള്ളതിനാൽ മിക്ക വിവരങ്ങളും പുറത്ത് വരാതിരിക്കുന്നത് കൊണ്ടു മാത്രമാണ് നാശനഷ്ടത്തിൻ്റെ ആഘാതം എത്രത്തോളമാണ് എന്നത് ലോകം അറിയാതിരിക്കുന്നത്. എങ്കിലും നിരവധി മരണങ്ങൾ സാദിയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിമാന താവളങ്ങളും എണ്ണ സംഭരണ കേന്ദ്രങ്ങളും വരെ അവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വല്ലാത്ത ഒരു സാഹചര്യത്തെയാണ് സൗദി അറേബ്യ ഇപ്പോൾ നേരിടുന്നത്.
പകയുടെ കണക്കുകൾ പലതും യെമൻ വിമതർക്കും സൗദിക്കും പറയാനുണ്ടെകിലും ഇറാനെ അമേരിക്ക വീണ്ടും ആക്രമിച്ചാൽ, പിന്നെ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ നേരിടേണ്ടി വരിക ഇറാൻ്റെയും യെമൻ വിമതരുടെയും സംയുക്ത ആക്രമണത്തെ ആയിരിക്കും. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള ഇറാൻ്റെ മറ്റ് പ്രോക്സി സംഘടനകളും ആക്ടീവാകും. ഇപ്പോൾ തന്നെ ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിലാണ് ചെങ്കടൽ കൂടി യെമൻ വിമതർ ആക്രമണ ലക്ഷ്യമാക്കിയാൽ, ലോക വ്യാപാരം തന്നെയാണ് സ്തംഭിക്കുക.
“ഇറാന്റെ കാര്യത്തിൽ വളരെ വേഗത്തിൽ തന്നെ ഒരു തീരുമാനമുണ്ടാക്കും ” എന്ന ട്രംപിൻ്റെ ഭീഷണിയെ പുച്ഛത്തോട് കൂടിയാണ് ഇറാൻ നേരിട്ടിരിക്കുന്നത്. അതേസമയം യുദ്ധം പൊട്ടി പുറപ്പെട്ടാൽ, പല രാജ്യങ്ങളിലുമായുള്ള ട്രംപിൻ്റെ ബിസിനസ്സ് സാമ്രാജ്യം ഉൾപ്പെടെ ഇറാനും അവരുടെ പ്രോക്സി സംഘടനകളും ലക്ഷ്യമിടുമെന്ന അഭ്യൂഹവും ശക്തമാണ്. ഈ ഭയം മുൻ നിർത്തിയാണ് ട്രംപിൻ്റെ മകൻ തന്നെ ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിതാവിനെ പിന്തിരിപ്പിക്കാൻ ഇപ്പോൾ ശ്രമിക്കുന്നത്.
EXPRESS VIEW
വീഡിയോ കാണാം…






