2022 ഫെബ്രുവരി 24 മുതല്‍ റഷ്യ യുക്രെയിനില്‍ നടത്തി വരുന്ന പ്രത്യേക സൈനിക ഓപ്പറേഷന്‍ പാശ്ചാത്യ ശക്തികളുടെ ഇടപെടലോടെ മൂന്നാംലോക മഹായുദ്ധത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അമേരിക്കന്‍ ചേരിയെ ഞെട്ടിക്കുകയും ഏറെ ആശങ്കപ്പെടുത്തുന്നതുമായ ഒരു തീരുമാനത്തിലേക്കാണ് റഷ്യ ഇപ്പോള്‍ ചുവട് വെച്ചിരിക്കുന്നത്. ഇറാന്‍ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ ശത്രു രാജ്യങ്ങളില്‍ സൈനിക താവളങ്ങള്‍ നിര്‍മ്മിക്കാനും അവിടെ ആണവായുധങ്ങള്‍ ഉള്‍പ്പെടെ വിന്യസിക്കാനുമുള്ള അത്യന്തം അപകടകരമായ ആലോചനയാണ് റഷ്യ ഇപ്പോള്‍ നടത്തുന്നത്.
റഷ്യയുടെ ഒരു സൈനിക താവളം ഇറാനില്‍ ഉണ്ടായാല്‍ ആ രാജ്യത്തെ ആക്രമിക്കുന്നത് പോയിട്ട് ആ പരിസരത്ത് കൂടി പറക്കാന്‍ പോലും അമേരിക്കയുടെയോ ഇസ്രയേലിന്റെയോ പോര്‍വിമാനങ്ങള്‍ക്ക് കഴിയുകയില്ല. അമേരിക്കയ്ക്കെതിരായ പ്രതികാര നടപടിയെന്ന നിലയില്‍ ഏഷ്യ-പസഫിക് മേഖലയില്‍ ഇടത്തരം ഹ്രസ്വദൂര മിസൈലുകള്‍ വിന്യസിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ ഉപ വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് തള്ളിക്കളയുന്നില്ലെന്നതും ശ്രദ്ധേയമാണ്.’തീര്‍ച്ചയായും ഇക്കാര്യം തങ്ങളുടെ പ്രധാന ഓപ്ഷനുകളിലൊന്നാണെന്നാണ് ‘അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തെ ഏത് പ്രദേശത്തും അമേരിക്കന്‍ ചേരിക്കെതിരായ സൈനിക പ്രതികരണം സംഘടിപ്പിക്കുന്നതിനുള്ള സംവിധാനം റഷ്യ സജ്ജമാക്കുമെന്ന് തന്നെയാണ് മന്ത്രി സ്ഥിരീകരിച്ചിരിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ മധ്യദൂര, ഹ്രസ്വദൂര മിസൈലുകള്‍ വിന്യസിക്കാനാണ് റഷ്യ ആലോചിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തില്‍ റഷ്യയെ എത്തിക്കാന്‍ നിര്‍ബന്ധിതമാക്കിയത് അമേരിക്കയാണെന്ന് തുറന്നു പറയാനും സെര്‍ജി റിയാബ്കോവ് തയ്യാറായിട്ടുണ്ട്. പുതിയ ലോക ക്രമത്തില്‍ റഷ്യയുടെ ഏറ്റവും പുതിയ ഒറെഷ്‌നിക് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ വിന്യസിക്കുന്നതിന് നിലവില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്നാണ് നയതന്ത്രജ്ഞരും ചൂണ്ടിക്കാട്ടുന്നത്.
Also Read: ‘റഷ്യയാണ് വലുത്, റഷ്യയെ ഭയക്കണം’ തുറന്നു പറഞ്ഞ് മെർക്കൽ, വ്യാപകമായി ബങ്കറുകൾ നിർമ്മിച്ച് ജർമ്മനി
അതേസമയം, മിസൈല്‍ വിക്ഷേപണത്തെക്കുറിച്ചുള്ള അറിയിപ്പുകള്‍ സംബന്ധിച്ച് റഷ്യയും അമേരിക്കയും തമ്മിലുള്ള 1998 ലെ ധാരണാപത്രം ഇപ്പോഴും പ്രാബല്യത്തില്‍ തുടരുന്നുണ്ട്. ഈ രേഖയുടെ ചട്ടക്കൂടില്‍ നിന്നും റഷ്യ വ്യതിചലിക്കാത്തതു കൊണ്ടാണ് ഒറെഷ്‌നിക് മിസൈല്‍ യുക്രെയിനിലേക്ക് തൊടുക്കുന്നതിന് മുന്‍പ് അമേരിക്കയെ അറിയിച്ചിരുന്നത്. എന്നാല്‍ പരീക്ഷണ ഘട്ടത്തില്‍ നല്‍കിയ ഈ മുന്നറിയിപ്പ് റഷ്യ ഇനി തുടരുമോ എന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് സംശയമുണ്ട്. പ്രത്യേകിച്ച് നേര്‍ക്ക് നേര്‍ യുദ്ധത്തിലേക്ക് പോകുന്ന സാഹചര്യത്തില്‍ ഒരു മുന്നറിയിപ്പും നല്‍കാതെ റഷ്യ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്.
തന്ത്രപരമായ ആണവായുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന പോളണ്ടിലെ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ സംഘര്‍ഷം വ്യാപിക്കുന്ന ഘട്ടത്തില്‍ ആക്രമിക്കുമെന്ന കൃത്യമായ സൂചനയും റഷ്യന്‍ വിദേശകാര്യമന്ത്രി ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. ലോകത്തിന് ചുറ്റം സൈനിക താവളങ്ങള്‍ തുറന്ന് സംഘര്‍ഷം വിതറുന്ന അമേരിക്കയെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ റഷ്യ ഒരുങ്ങുമ്പോള്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് നാറ്റോ രാജ്യങ്ങള്‍ ഉള്ളത്.
സോവിയറ്റ് യൂണിയന്റെ ഭീഷണി നേരിടാന്‍ ആ കാലത്ത് രൂപീകൃതമായ നാറ്റോ സഖ്യത്തെ സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടും പിരിച്ചുവിടാന്‍ തയ്യാറാകാത്ത അമേരിക്ക ഈ കരുത്ത് കാട്ടിയാണ് മറ്റു രാജ്യങ്ങളെ വിരട്ടാന്‍ ശ്രമിക്കുന്നത്. റഷ്യയുടെ അയല്‍രാജ്യങ്ങളെ അതായത് പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളെ, ഓരോന്നായി നാറ്റോ സഖ്യത്തില്‍ ചേര്‍ത്ത് റഷ്യക്ക് വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തിയ അമേരിക്ക ഒടുവില്‍, യുക്രെയിനെയും നാറ്റോയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതാണ് റഷ്യയുടെ സൈനിക നടപടിക്ക് കാരണമായിരുന്നത്.
അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, പോളണ്ട് ഉള്‍പ്പെടെ 32 രാജ്യങ്ങളാണ് നിലവില്‍ നാറ്റോയില്‍ അംഗമായിട്ടുള്ളത്. ഈ അംഗ രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തെ ആരെങ്കിലും ആക്രമിച്ചാല്‍ ഒരുമിച്ച് പ്രതിരോധിക്കും എന്നതാണ് ഇവരുടെ നയം. ഇതുപോലെ ശക്തമായ ഒരു സൈനിക സഖ്യം ലോകത്ത് നിലവില്‍ വേറെയില്ലെന്നതും നാം ഓര്‍ക്കണം. ഈ 32 രാജ്യങ്ങളും ഏറെ ഭയക്കുന്നത് റഷ്യയെ മാത്രമാണ്. ഒറ്റക്കെട്ടായി നിന്ന് പൊരുതിയാല്‍ പോലും റഷ്യ എന്ന ഒറ്റ രാജ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നാറ്റോയ്ക്ക് കഴിയുമോ എന്നത് അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് പോലും സംശയമുണ്ട്. ഇതിലെ തന്നെ പല അംഗങ്ങളും തങ്ങള്‍ റഷ്യക്ക് എതിരെ ഇല്ല എന്ന നിലപാടിലാണ് ഇപ്പോഴുള്ളത്. ഇക്കാര്യം പരസ്യമായി തന്നെ ജര്‍മ്മനിയും ഇറ്റലിയും വ്യക്തമാക്കി കഴിഞ്ഞിട്ടുമുണ്ട്.
Also Read: ഇമ്രാന്റെ ആ ആഗ്രഹങ്ങള്‍ നടക്കില്ല; തോക്കെടുത്ത് പാക് പട്ടാളം
നാറ്റോ – റഷ്യ യുദ്ധം സംഭവിച്ചാല്‍, അതോടെ ലോകാവസാനമാണ് സംഭവിക്കുക എന്നാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കരുതുന്നത്. ട്രംപ് സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാന്‍ നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ സ്ഥിതി വഷളാക്കിയിരിക്കുന്നത്. നിലവില്‍ നാറ്റോ സഖ്യത്തിന് എതിരെ അതായത് അമേരിക്കന്‍ ചേരിക്ക് എതിരെ ഒരു ബദല്‍ രൂപപ്പെട്ടിട്ടുണ്ട്. റഷ്യയും ഇന്ത്യയും ചൈനയും ബ്രസീലും നേതൃത്വം നല്‍കുന്ന ബ്രിക്‌സ് കൂട്ടായ്മ ഇതിന്റെ തുടക്കമാണ്. അമേരിക്കയുടെ നേതൃത്വത്തിലുളള ജി 7 കൂട്ടായ്മയേക്കാള്‍ ശക്തമാണ് ബ്രിക്‌സ് കൂട്ടായ്മ. ഈ സഖ്യത്തിലേക്ക് ഇപ്പോള്‍ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ പുതുതായി കടന്നു വന്നിട്ടുമുണ്ട്. ബ്രിക്‌സിനു പിന്നാലെ ഒരു സൈനിക സഖ്യവും ഉണ്ടാകണമെന്നത് ഈ സഖ്യത്തിലെ പല രാജ്യങ്ങളുടെയും ആഗ്രഹമാണ്. അത് ശാശ്വതമാകുമോ എന്ന ഭയം നാറ്റോ സഖ്യത്തിനും നിലവിലുണ്ട്.
റഷ്യ – ഉത്തര കൊറിയ സൈനിക സഖ്യം പുതിയ ശാക്തിക ചേരിയുടെ തുടക്കമായാണ് നയതന്ത്ര വിദഗ്ദരും വിലയിരുത്തുന്നത്. ഇറാന്‍കൂടി ഔദ്യോഗികമായി ഈ സഖ്യത്തിന്റെ ഭാഗമാകുന്നത് റഷ്യന്‍ ചേരിയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഇന്ത്യ തല്‍ക്കാലം നിഷ്പക്ഷ നിലപാട് തുടരാനാണ് സാധ്യതയെങ്കിലും അമേരിക്കയുടെ ശത്രുക്കളായ മറ്റ് പല രാജ്യങ്ങളും റഷ്യന്‍ സഖ്യത്തില്‍ ചേരുമെന്ന കാര്യം ഉറപ്പാണ്. ചൈനയുടെ താല്‍പ്പര്യം എന്നും അമേരിക്കയ്ക്ക് എതിരായതിനാല്‍ റഷ്യയ്ക്ക് ഒപ്പം ആ രാജ്യവും ഉറച്ച് നില്‍ക്കും. അമേരിക്കന്‍ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിക്കുന്ന അറബ് രാജ്യങ്ങളില്‍ പോലും റഷ്യയുടെ സൈനിക താവളം വരാനുള്ള എല്ല സാധ്യതയുമുണ്ട്. റഷ്യയുടെ ആവനാഴിയില്‍ ലോകത്തെ ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്ത ആയുധങ്ങള്‍ ഉള്ളതിനാല്‍ റഷ്യയുമായുള്ള സൗഹൃദം പല രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
Express View
വീഡിയോ കാണാം…