റഷ്യ-യുക്രെയ്ന് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാണെന്ന് വെളിപ്പടുത്തിയിരിക്കുകയാണ് യുക്രെയ്‌നിനായുള്ള ട്രംപിന്റെ പ്രത്യേക പ്രതിനിധി കീത്ത് കെല്ലോഗ്. സംഘര്‍ഷത്തിനുള്ള പരിഹാരം ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് പ്രതിജ്ഞയെടുക്കുകയും അത്തരമൊരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ കെല്ലോഗിന് 100 ദിവസത്തെ സമയം നല്‍കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. റഷ്യ ഒരു വ്യക്തമല്ലാത്ത ഒത്തുതീര്‍പ്പ് നിരസിച്ചാല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ മാസമേ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ‘റഷ്യയെ ഉപദ്രവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ട്രംപ് പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് കെല്ലോഗിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. റഷ്യയ്‌ക്കെതിരായ നിലവിലെ ഉപരോധങ്ങള്‍ വളരെ കുറവ് മാത്രമാണെന്നാണ് കെല്ലോഗ് വ്യക്തമാക്കുന്നത്.
Also Read: എല്ലാം വെറും തള്ള്! മുന്നിൽ തോൽവി, അമേരിക്കയുടെ സൈനിക ശേഷി കട്ടപ്പുറത്തെന്ന് മസ്‌ക്
റഷ്യന്‍ എണ്ണ ഉല്‍പാദനവും കയറ്റുമതിയും ലക്ഷ്യമിടുന്ന യൂറോപ്യന്‍ യൂണിയന്റെ 15-ാമത് ഉപരോധ പാക്കേജിനെ കെല്ലോഗ് പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ‘യുക്രെയ്‌നിന് എത്ര കാലം വേണമെങ്കിലും എത്ര വേണമെങ്കിലും’ സഹായം നല്‍കുമെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാഗ്ദാനത്തെയും കെല്ലോഗ് വിമര്‍ശിച്ചിരുന്നു. അതൊരു തന്ത്രമല്ല മറിച്ച് ‘ഒരു ബമ്പര്‍ സ്റ്റിക്കര്‍’ ആണെന്നാണ് കെല്ലോഗ് ചൂണ്ടിക്കാണിച്ചത്. റഷ്യയില്‍ സൈനിക സമ്മര്‍ദ്ദം സാധ്യമല്ലെന്നും സാമ്പത്തിക, നയതന്ത്ര സമ്മര്‍ദ്ദമാണ് ചെലുത്തേണ്ടത് എന്നുമാണ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കെല്ലോഗ് അഭിപ്രായപ്പെട്ടത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീവ്രപരിശ്രമത്തിലാണെന്നും കീത്ത് കെല്ലോഗ് വ്യക്തമാക്കി. എന്നാല്‍ സംഘര്‍ഷം തടയാന്‍, യുക്രെയ്നും റഷ്യയും തങ്ങളുടെ ചില താല്‍പ്പര്യങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടക്കാനിരിക്കുന്ന മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു ‘സമാധാന പദ്ധതി’ അവതരിപ്പിക്കുമെന്ന് അവകാശപ്പെടുന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് കെല്ലോഗ് നിഷേധിച്ചിരിക്കുകയാണ്. യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി എത്രയും വേഗം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ തന്നെ വൈറ്റ് ഹൗസില്‍ നിന്നുള്ള വ്യക്തമായ സൂചനകള്‍ക്കായി കാത്തിരിക്കുകയാണെന്ന് റഷ്യയും പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യയുമായുള്ള ചര്‍ച്ചകള്‍ നിരോധിച്ചുകൊണ്ടുള്ള വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ 2022 ലെ ഉത്തരവ് കാരണം നിലവിലെ സാഹചര്യങ്ങളില്‍ റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചകള്‍ നടന്നാല്‍ അത് ‘നിയമവിരുദ്ധം’ ആയിരിക്കുമെന്ന് പുടിന്‍ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം, മ്യൂണിച്ച് സമ്മേളനത്തില്‍ കെല്ലോഗുമായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും കൂടിക്കാഴ്ചകള്‍ നടത്താന്‍ രാജ്യത്തെ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നതായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ ഈ ആഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സംഘര്‍ഷം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ച് ട്രംപിന് ഇപ്പോഴും ഔദ്യോഗിക പദ്ധതിയില്ലെന്ന് അവകാശപ്പെട്ട് സെലെന്‍സ്‌കിയും രംഗത്തെത്തിയിരുന്നു. യുക്രെയ്നുമായി ഒരു ചര്‍ച്ച നടത്താതെ ട്രംപിന് ഒരു പ്രത്യേക പദ്ധതി സൃഷ്ടിക്കാന്‍ കഴിയില്ലെന്നാണ് സെലെന്‍സ്‌കിയുടെ വാദം. യുക്രെയ്നുള്ള അമേരിക്കന്‍ സൈനിക സഹായം നിലനിര്‍ത്തിയും റഷ്യയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചും ‘ശക്തിയിലൂടെ സമാധാനം’ എന്ന തത്വം പാലിക്കണമെന്ന് അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു. മാത്രമല്ല, സാധ്യമായ സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ റഷ്യയോട് ട്രംപ് ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശവും സെലെന്‍സ്‌കി മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം, കുര്‍സ്‌ക് മേഖലയില്‍ ആക്രമണം തുടരാനുള്ള യുക്രെനിയന്‍ ശ്രമം റഷ്യന്‍ സൈന്യം പരാജയപ്പെടുത്തിയതായാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാകുന്നത്. പ്രദേശത്തെ ഏറ്റവും വലിയ ജനവാസ കേന്ദ്രമായ സുഡ്ഷ പട്ടണത്തിന്റെ വടക്കുകിഴക്കായി ഒരു വലിയ ആക്രമണം യുക്രെയ്ന്‍ സൈന്യം നടത്തിയതോടെയാണ് പ്രദേശത്ത് പോരാട്ടം ശക്തമായത്. ഡസന്‍ കണക്കിന് കവചിത വാഹനങ്ങളും നൂറുകണക്കിന് സൈനികരും ഉള്‍പ്പെട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ടിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ യുക്രെയ്നു ലഭിച്ച കവചിത വാഹനങ്ങളുള്‍പ്പെടെ റഷ്യന്‍ സേനയുടെ പീരങ്കി ആക്രമണത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. സുഡ്ഷയില്‍ നിന്ന് ഏകദേശം 9 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഉലാനോക്, ചെര്‍കാസ്‌കിയ കൊനോപെല്‍ക്ക ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യുക്രെനിയന്‍ സൈന്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ആക്രമണം. തെക്കുകിഴക്ക് നിന്ന് സുഡ്ഷയിലേക്ക് മുന്നേറുന്ന റഷ്യന്‍ സൈന്യത്തെ പിന്തിരിപ്പിക്കുക എന്നതായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യം.
യുക്രെയ്നിന്റെ വിതരണ ലൈനുകള്‍ക്കും പുറം ലോകവുമായുള്ള ആശയവിനിമയത്തിനും നിര്‍ണായകമായ പ്രധാന ക്രോസ്-ബോര്‍ഡര്‍ റോഡിന്റെ വിച്ഛേദന സാധ്യത മുന്നില്‍ കണ്ടുള്ള ഈ ആക്രമണത്തില്‍ പക്ഷെ യുക്രെയ്ന്‍ സേന ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. സുഡ്ഷയിലേക്കുള്ള റോഡ് റഷ്യ വിച്ഛേദിച്ചാല്‍ അത് കുര്‍സ്‌ക് മേഖലയിലെ യുക്രെനിയന്‍ സൈന്യത്തിന്റെ ലോജിസ്റ്റിക്സിനും പ്രവര്‍ത്തനങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കൂടാതെ അതിന്റെ തടസ്സം മേഖലയിലെ യുക്രെയ്ന്‍ നിയന്ത്രണത്തിലുള്ള മുഴുവന്‍ പ്രദേശങ്ങളെയും അപകടത്തിലാക്കുകയും, ഇത് യുക്രെയ്ന്‍ സേനയെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. റഷ്യന്‍ സൈന്യത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഉലാനോകിലും ചെര്‍കാസ്‌കിയ കൊനോപെല്‍ക്കയിലും നടന്ന ആക്രമണത്തില്‍ യുക്രെയ്‌നിന് 200-ലധികം സൈനികരെ നഷ്ടമായിട്ടുണ്ട്.

കുറഞ്ഞത് എട്ട് ടാങ്കുകളും അഞ്ച് കാലാള്‍പ്പട യുദ്ധ വാഹനങ്ങളും 30-ലധികം മറ്റ് കവചങ്ങളും നശിപ്പിക്കപ്പെട്ടു. അടുത്തിടെ റഷ്യ വിമോചനം പ്രഖ്യാപിച്ച ഡോണ്‍ബാസ് നഗരമായ ഡിസര്‍ഷിന്‍സ്‌കില്‍ സമീപ മാസങ്ങളില്‍ തീവ്രമായ പോരാട്ടങ്ങള്‍ അരങ്ങേറിയിരുന്നു. യുക്രെനിയന്‍ സൈന്യത്തിന്റെ ആക്രമണങ്ങളോടെ തീവ്രമായ നഗര യുദ്ധത്തിന്റെ വേദിയായി പ്രദേശം മാറി. റഷ്യയിലെ ഡൊനെറ്റ്‌സ്‌ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ ഗോര്‍ലോവ്ക നഗരത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ഖനന നഗരത്തില്‍ യുദ്ധത്തിന് മുമ്പ് ഏകദേശം 30,000 ജനസംഖ്യയുണ്ടായിരുന്നു. ഗോര്‍ലോവ്കയില്‍ മിക്കവാറും എല്ലാ ദിവസവും പീരങ്കികള്‍, മിസൈലുകള്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് യുക്രെയ്നിന് പ്രധാന വേദിയായി ഡിസര്‍ഷിന്‍സ്‌ക് പ്രവര്‍ത്തിച്ചിരുന്നു. ജനുവരി പകുതിയോടെയാണ് റഷ്യന്‍ സൈന്യം ഡിസര്‍ഷിന്‍സ്‌കിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത്.
Also Read: യുഎന്നിൽ നിന്ന് അമേരിക്കയെ കണ്ട് ഇസ്രയേലും പടിയിറങ്ങി, അവിടെ പക്ഷെ നെതന്യാഹുവിന് തെറ്റി
ഡിസര്‍ഷിന്‍സ്‌കിന്റെ വടക്കുകിഴക്കുള്ള രണ്ട് ചെറിയ ഗ്രാമങ്ങളായ ഡ്രുഷ്ബ, ക്രിംസ്‌കോയ് എന്നിവ മോചിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സ്ഥിരമായ നിഷ്പക്ഷത, സൈനികവല്‍ക്കരണം, ആയുധ നിരാകരണം എന്നിവയ്ക്ക് യുക്രെയ്ന്‍ തയ്യാറായാല്‍ മാത്രമേ ശത്രുത അവസാനിക്കൂ എന്നാണ് റഷ്യ തറപ്പിച്ചുപറയുന്നത്. ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണെന്ന് റഷ്യ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏതൊരു കരാറിലും ‘സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ ഇല്ലാതാക്കുന്ന വിശ്വസനീയ കരാറാണ് വേണ്ടതെന്ന കടുത്ത നിലപാടാണ് റഷ്യ കൈക്കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം…