അമേരിക്കയ്ക്ക് നേരെ റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന ഭീതിയില്‍ ലോക രാജ്യങ്ങള്‍. റഷ്യയുടെ മുന്നറിയിപ്പ് അവഗണിച്ച് അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ റഷ്യയ്ക്ക് നേരെ യുക്രെയിന്‍ പ്രയോഗിച്ചതാണ് അമേരിക്കയ്ക്ക് നേരെയുള്ള ആണവ ആക്രമണ സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പൗരന്‍മാരോട് അമേരിക്കയിലേക്ക് പോകരുതെന്നും അവിടെ ഉള്ളവരോട് രാജ്യം വിടാനും റഷ്യ നിര്‍ദ്ദേശിച്ചത് റഷ്യ വലിയ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചന കൂടിയായാണ് യുദ്ധ വിദഗ്ദർ വിലയിരുത്തുന്നത്.
യുക്രെയിന്‍ തലസ്ഥാനം റഷ്യ തരിപ്പണമാക്കുമെന്നത് എന്തായാലും ഉറപ്പായി കഴിഞ്ഞു. ഇനി അറിയേണ്ടത് റഷ്യ അമേരിക്കയുടെ സൈനിക താവളങ്ങള്‍ ആക്രമിക്കുമോ, അതോ അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍ തന്നെ ആണവായുധം പ്രയോഗിക്കുമോ എന്നതാണ്. ഇത്തരമൊരു ഭീതിയാണ് ഇപ്പോള്‍ പരക്കെയുള്ളത്. റഷ്യയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര മിസൈലായ ഒറെഷ്‌നിക്കിനെയും, അമേരിക്കയെ മൊത്തം നിമിഷനേരം കൊണ്ട് ചാരമാക്കാന്‍ കഴിയുന്ന സാത്താന്‍ – 2 വിനെയും തടയാന്‍ ശേഷിയുള്ള ഒരായുധവും നിലവില്‍ ലോകത്തില്ല.
അമേരിക്ക ആണവായുധം പ്രയോഗിക്കാന്‍ ചിന്തിക്കും മുന്‍പ് അത് പ്രയോഗിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ റഷ്യക്കാണ് കഴിയുക. അതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ അനുമതി മാത്രം മതിയാകും.അമേരിക്കയെ ഭൂപടത്തില്‍ നിന്നു തന്നെ തുടച്ച് നീക്കണമെന്ന പകയാണ് നിലവില്‍ റഷ്യന്‍ സൈനികര്‍ക്കുള്ളത്. യുക്രെയിനെ മുന്‍ നിര്‍ത്തി അമേരിക്കയും സഖ്യകക്ഷികളും റഷ്യക്ക് എതിരെ നടത്തുന്ന യുദ്ധത്തിന്റെ ക്ലൈമാക്‌സ് അങ്ങനെ ആവരുതെന്ന് ആഗ്രഹിക്കുന്ന ലോക രാജ്യങ്ങള്‍ പുതിയ സംഭവവികാസങ്ങളെ ഞെട്ടലോടെയാണ് വീക്ഷിക്കുന്നത്.
തെക്കന്‍ റഷ്യന്‍ നഗരമായ ടാഗന്റോഗിന് സമീപമുള്ള റഷ്യന്‍ സൈനിക എയര്‍ഫീല്‍ഡിന് നേരെയാണ് യുക്രെയിന്‍ സൈന്യം ആറ് അമേരിക്കന്‍ നിര്‍മ്മിത എടിഎസിഎംഎസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരിക്കുന്നത്. ഇക്കാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആക്രമണത്തിന് ശക്തമായി പ്രതികാരം ചെയ്യുമെന്നും റഷ്യ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് ഏത് രൂപത്തിലാകും എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.
യുക്രെയിന്‍ സേന തൊടുത്തുവിട്ട ആറ് അമേരിക്കന്‍ മിസൈലുകളില്‍ രണ്ടെണ്ണം റഷ്യന്‍ സൈന്യം വെട്ടിവച്ച് വീഴ്ത്തിയിട്ടുണ്ട്. മറ്റ് നാലെണ്ണം ഇലക്ട്രോണിക് വാര്‍ഫെയറില്‍ വഴിതെറ്റിയാണ് പതിച്ചത്. ഈ ആക്രമണത്തില്‍ എയര്‍ഫീല്‍ഡിന് ചെറിയ കേടുപാടുകള്‍ സംഭവിക്കുകയും രണ്ട് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങളും നിരവധി കാറുകളും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.’മിസൈലുകളുടെ ശകലങ്ങള്‍ വീണു’ ഏതാനും റഷ്യന്‍ സൈനികര്‍ക്കും പരിക്കേറ്റതായാണ് പുറത്തു വരുന്ന വിവരം.
”പാശ്ചാത്യ ലോംഗ് റേഞ്ച് ആയുധങ്ങളുടെ ഈ ആക്രമണത്തിന് തിരിച്ചടി നല്‍കാതെ പോകില്ലെന്ന് തുറന്നടിച്ച റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും,” കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ സാധ്യമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.മുന്‍പ് അമേരിക്കന്‍ – ബ്രിട്ടീഷ് മിസൈലുകള്‍ പ്രയോഗിച്ചതിന് ഒറെഷ്‌നിക്ക് മിസൈല്‍ പരീക്ഷണാര്‍ത്ഥം തൊടുത്തുവിട്ടാണ് റഷ്യ മറുപടി നല്‍കിയിരുന്നത്. വീണ്ടും പ്രകോപനം സൃഷ്ട്ടിച്ച സാഹചര്യത്തില്‍ ഈ മിസൈലില്‍ ആണവ പോര്‍മുന ഘടിപ്പിച്ച് വിട്ടാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ യുക്രെയിനും നാമാവശേഷമാകും. യുക്രെയിന് പുറമെ, നാറ്റോ രാജ്യങ്ങളിലെ 42 സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടും ഒറെഷ്‌നിക്ക് മിസൈല്‍ റഷ്യ സ്ഥാപിച്ചിട്ടുണ്ട്. കടുംകൈ പ്രയോഗിക്കേണ്ടി വന്നാൽ അതിന് മുൻപ് ഈ 42 കേന്ദ്രങ്ങളും ഒരേസമയം തകർക്കാൻ റഷ്യക്ക് കഴിയും. ഒറെഷ്‌നിക്ക് മിസൈൽ യുക്രൈയിനിലേക്ക് പരീക്ഷിക്കുന്നതിന് അരമണിക്കൂർ മുൻപ് അമേരിക്കയ്ക്ക് റഷ്യ വിവരം കൈമാറിയിരുന്നെങ്കിലും ഈ ആധുനിക മിസൈലിനെ തടുക്കാൻ അമേരിക്ക യുക്രൈയിനിൽ സ്ഥാപിച്ച പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചിരുന്നില്ല. ഈ യാഥാർത്ഥ്യം അമേരിക്കൻ ചേരിയെ പ്രതിരോധത്തിലാക്കുന്നതാണ്.
Also Read: സിറിയയില്‍ ഇനി ഇസ്ലാമിക് ഭരണത്തിന്റെ ഉദയമോ? പാശ്ചാത്യ-അറബ് രാജ്യങ്ങള്‍ക്ക് ആശങ്ക
പാശ്ചാത്യ മിസൈലുകള്‍ റഷ്യയില്‍ പതിച്ചാല്‍, നാറ്റോ രാജ്യങ്ങളെ ആക്രമിക്കുമെന്ന് റഷ്യ മുന്‍പ് തന്നെ പ്രഖ്യാപിച്ച സാഹചര്യത്തില്‍, അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.അന്താരാഷ്ട്ര അംഗീകാരമുള്ള റഷ്യന്‍ പ്രദേശത്തെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ATACMS ഉള്‍പ്പെടെയുള്ള അമേരിക്ക വിതരണം ചെയ്യുന്ന ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ മാസമാണ് അമേരിക്ക യുക്രെയിനിന് അനുമതി നല്‍കിയിരുന്നത്. ഇതിനെതിരെ അമേരിക്കയിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
സ്ഥാനം ഒഴിയുന്നതിനു മുന്‍പ് ജോ ബൈഡന്‍ എടുത്ത ഈ തീരുമാനം മൊത്തം അമേരിക്കക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതാണെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നേതാക്കളും അഭിപ്രായപ്പെട്ടിരുന്നത്. ഇതൊരു യുദ്ധ പ്രഖ്യാപനമായതിനാല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ അനുമതി ആവശ്യമാണെന്നും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കിയോട് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതാണ് ജോ ബൈഡനെ ചൊടിപ്പിച്ചിരുന്നത്. പടിയിറങ്ങും മുന്‍പ് വലിയ സാമ്പത്തിക സഹായവും യുക്രെയിന് ബൈഡന്‍ ഭരണകൂടം അനുവദിച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയില്‍ യുക്രെയിന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അമേരിക്കയും സഖ്യകക്ഷികളും റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 300 ബില്യണ്‍ ഡോളര്‍ ആസ്തി മരവിപ്പിച്ചിരുന്നു. ജൂണില്‍, ജി-7 അംഗങ്ങള്‍ യുക്രെയിന് 50 ബില്യണ്‍ ഡോളറാണ് വായ്പയായി വാഗ്ദാനം ചെയ്തിരുന്നത്. യുക്രെയിന് നാറ്റോ രാജ്യങ്ങള്‍ കൊടുക്കുന്ന ഈ തുക മരവിപ്പിച്ച റഷ്യന്‍ ഫണ്ടില്‍ നിന്നുള്ളതാണ്. ആയുധങ്ങള്‍ വാങ്ങാനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുമാണിത്. യുക്രെയിനിനെ സഹായിക്കുന്നതിനായുള്ള തുക മുഴുവനും കണ്ടെത്തുന്നത് ഇങ്ങനെ റഷ്യയുടെ മരവിപ്പിച്ച ഫണ്ടുകളില്‍ നിന്നാണ്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കന്‍ ഫെഡറല്‍ ഫിനാന്‍സിംഗ് ബാങ്കുമായി (എഫ്എഫ്ബി) 20 ബില്യണ്‍ ഡോളറിന്റെ 40 വര്‍ഷത്തെ വായ്പയ്ക്കായുള്ള കരാറിനും യുക്രെയിന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ഈ നീക്കം റഷ്യയ്ക്ക് ഉണ്ടാക്കിയ പക കത്തി പടരുന്നതിനിടെയാണ് എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് സമാനമായി അമേരിക്കയുടെ കൂടുതൽ മിസൈലുകൾ റഷ്യന്‍ മണ്ണിലേക്ക് പ്രയോഗിച്ചിരിക്കുന്നത്. ഇതോടെ, യുക്രെയിനും അമേരിക്കയ്ക്കും എതിരെ ഏത് നിമിഷവും ഒരു വലിയ ആക്രമണം പ്രതീക്ഷിക്കാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. യുക്രെയിന്‍ തലസ്ഥാനം ഇനി അവിടെ ഉണ്ടാകുമോ എന്ന ചോദ്യവും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ യുദ്ധവിദഗ്ദർ നിലവിൽ ഉന്നയിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ ഉള്ള റഷ്യ അതെടുത്ത് പ്രയോഗിക്കില്ല എന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. റഷ്യ അത്തരമൊരു തീരുമാനമെടുത്താൽ, അത് ഈ ലോകത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കുമെന്നാണ് യുദ്ധവിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. പണ്ട് ജപ്പാനില്‍ അണുബോംബിട്ട സാഹചര്യമല്ല ഇന്ന് ലോകത്തുള്ളത് എന്ന കാര്യം അമേരിക്കയും സഖ്യകക്ഷികളും ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്.
Also Read: ഇസ്രയേലിന്റെ കണ്ണ് സിറിയയുടെ മേലോ? നെതന്യാഹുവിന്റെ ആക്രമണങ്ങള്‍ക്ക് അമേരിക്കയുടെ ഒത്താശ
അതേസമയം, ആണവ ശക്തിയായ ഉത്തര കൊറിയയും എത് നിമിഷവും അമേരിക്കയ്ക്ക് എതിരെ പ്രകോപനത്തിന് വരാൻ സാധ്യതയുണ്ടെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ദക്ഷിണ കൊറിയയുമായും അമേരിക്കയുമായും ഉടക്കിയ ഉത്തര കൊറിയ അമേരിക്കയ്ക്കു നേരെ ആണവ മിസൈൽ തിരിച്ചു വെച്ചപ്പോൾ, ട്രംപ് നേരിട്ട് രംഗത്തിറങ്ങിയാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി സമവായത്തിൽ എത്തിയിരുന്നത്. ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായി അധികാരമേൽക്കുമ്പോൾ, പഴയ കിം ജോങ് ഉന്നിനേക്കാൾ പതിന്മടങ്ങ് ശക്തിയിലാണ് ഇപ്പോൾ ഉത്തര കൊറിയൻ ഭരണാധികാരിയുള്ളത്. റഷ്യയുമായി ഉണ്ടാക്കിയ പ്രതിരോധ കരാർ അത്രയ്ക്കും ശക്തമാണ്. ഇരു രാജ്യങ്ങൾക്കും എന്ത് ഭീഷണി ഉണ്ടായാലും സൈനികമായി പരസ്പരം സഹായിക്കുമെന്നതാണ് ആ കരാർ.
അതായത് ഇപ്പോഴത്തെ സാഹചര്യത്തിൽ പുടിൻ പറഞ്ഞാൽ, അമേരിക്കയിലേക്കും കിം ജോങ് ഉൻ ആണവ മിസൈൽ അയക്കുമെന്നത് വ്യക്തം. അമേരിക്കയുടെ ലോക പൊലീസ് കളി അവസാനിപ്പിക്കണമെന്ന ആഗ്രഹം റഷ്യക്കും ചൈനക്കും ഇറാനും ഉള്ളതു പോലെ ഉത്തര കൊറിയക്കുമുണ്ട്. അമേരിക്കൻ ചേരിയുടെ ഉപരോധം മൂലം നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഉത്തരകൊറിയ എങ്കിൽ, അമേരിക്കയുടെ അവസ്ഥ അതല്ല, ഒരു ചെറിയ ബോംബ് വീണാൽ പോലും, ആ നിമിഷം തകരുന്ന ഓഹരി വിപണിയും, ഭയന്ന് ബോധംകെട്ട് വീഴുന്ന മാനസികാവസ്ഥയിലുള്ള ജനങ്ങളുമാണ് അമേരിക്കയിലുള്ളത്.
വീഡിയോ കാണാം
Staff Reporter