വിസരഹിത പ്രവേശനം നൽകി ഇന്ത്യക്കാരെ ആകർഷിക്കാൻ റഷ്യ

വിസരഹിത പ്രവേശനം നൽകി ഇന്ത്യക്കാരെ ആകർഷിക്കാൻ റഷ്യ

കോവിഡിന് ശേഷം ഇന്ത്യക്കാർക്കിടയിൽ വിദേശ സഞ്ചാരം വ്യാപകമായതോടെയാണ് ഇന്ത്യൻ സഞ്ചാരികൾ ലോക ടൂറിസം മാർക്കറ്റിൽ നിർണായ സ്വാധീനം നേടുന്നത്. വിനോദസഞ്ചാരത്തിലൂടെ മെച്ചപ്പെട്ട വരുമാനം നേടാനാഗ്രഹിക്കുന്ന രാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ കാണുന്ന മാർക്കറ്റാണ് ഇന്ത്യ. ഇതോടെ പല ടൂറിസ്റ്റ് രാജ്യങ്ങളും ഇന്ത്യക്കാരെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയുണ്ടായി. പ്രധാനമായും വിസ ഇളവുകൾ നൽകിയായിരുന്നു ഈ രാജ്യങ്ങൾ ഇന്ത്യക്കാരെ സ്വാധീനിക്കാൻ ശ്രമിച്ചത്. റഷ്യയാണ് ഇപ്പോൾ ഇതിനായി വൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് റഷ്യ തങ്ങളുടെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. എന്നാൽ യുക്രൈൻ അധിനിവേശത്തോടുള്ള എതിർപ്പ് കാരണം പല യുറോപ്യൻ രാജ്യങ്ങളും റഷ്യയെ ഉപരോധിക്കാൻ തീരുമാനിച്ചിരുന്നു. ഇതോടെ യൂറോപ്യൻ സഞ്ചാരികൾ റഷ്യയിൽ വരാതായി. ഇത് സ്വാഭാവികമായും റഷ്യൻ ടൂറിസത്തിന് വലിയ തിരിച്ചടിയായി. ഇതോടെയാണ് തങ്ങളുടെ സൗഹൃദ രാജ്യങ്ങളായ ചൈന, ഇന്ത്യ മാർക്കറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ തീരുമാനിച്ചത്.

ഇന്ത്യയുമായള്ള വിനോദസഞ്ചാരവും സാംസ്‌കാരിക വിനിമയവും സാമ്പത്തിക ബന്ധവും വളർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് റഷ്യൻ സാമ്പത്തിക വികസന മന്ത്രാലയ ഡയറക്ടർ നികിത കോൺഡ്രാറ്റ്യേവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. SATTE പോലുള്ള ഏഷ്യൻ ടൂറിസം മേളകളിൽ റഷ്യൻ ടൂറിസം ഉദ്യോഗസ്ഥർ സജീവമായി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യ ഇന്ത്യൻ സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന സൂചനകൾ സജീവമായത്. ഇതിന് വേണ്ടിയുള്ള ചർച്ചകൾ റഷ്യയിലെ കസാനിൽ വെച്ച് ജൂണിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ വർഷാവസാനത്തോടെ ഇന്ത്യ-റഷ്യ വിസ രഹിത യാത്രകൾ സാധ്യമാകുമെന്നാണ് കരുതപ്പെടുന്നത്. റഷ്യയാണ് ഈ ചർച്ചകൾക്കുള്ള മുൻകൈ എടുക്കുന്നതെന്നും ശ്രദ്ധേയമാണ്. നേരത്തെ ചൈനയുമായും ഇറാനുമായും റഷ്യ സമാനമായ വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കിയിരുന്നു. നിലവിൽ ഇ-വിസ എടുത്താൽ മാത്രമേ ഇന്ത്യക്കാർക്ക് റഷ്യയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു.

റഷ്യൻ സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഇന്ത്യ. കേരളമുൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ നിരവധി റഷ്യൻ സഞ്ചാരികൾ വർഷം മുഴുവൻ എത്താറുണ്ട്. വിസയിൽ ധാരണയിലെത്താൻ സാധിച്ചാൽ ഇന്ത്യക്കും ഇത് മെച്ചമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസത്തിന് അപ്പുറത്തേക്ക് ഇന്ത്യ-റഷ്യ ബന്ധം മെച്ചപ്പെടാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എണ്ണ-ആയുധ വ്യാപാരത്തിലുള്ള ഇന്ത്യ-റഷ്യ ബന്ധം സമീപകാലത്ത് ബലപ്പെട്ടിരുന്നു. ഈ സഹകരണം ടൂറിസം മേഖലയിലും ഉണ്ടാവുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.

Top