അമേരിക്കൻ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് ചുമതല ഏറ്റെടുക്കുന്നതിന് മുൻപേ അമേരിക്കൻ സൈനിക സഖ്യത്തിന് പ്രഹരമേൽപ്പിച്ച് റഷ്യൻ സൈന്യം. നാറ്റോയുടെ എഫ് -16 യുദ്ധവിമാനത്തിൻ്റെ പ്രധാന പരിശീലക പൈലറ്റിനെയാണ്, യുക്രൈയിനിൻ്റെ മണ്ണിൽ വെച്ച് റഷ്യ വകവരുത്തിയിരിക്കുന്നത്. മുൻപ് ഇതേ മണ്ണിൽ വെച്ച് എഫ് – 16 വിമാനങ്ങളും റഷ്യൻ സൈന്യം നശിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും പുതിയ യുദ്ധവിമാനങ്ങളിൽപ്പെട്ട എഫ്-16 പറത്താൻ, യുക്രെയിൻ പൈലറ്റുമാർക്ക് പരിശീലനം നൽകിയിരുന്ന ഡാനിഷ് ഇൻസ്ട്രക്ടർ ജെപ്പ് ഹാൻസെനാണ് റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഇക്കാര്യം റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെൻട്രൽ യുക്രെയ്നിലെ ഡിനെപ്രോപെട്രോവ്സ്ക് മേഖലയിലെ ക്രിവോയ് റോഗ് നഗരത്തിലുള്ള പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിനിടെയാണ് ഹാൻസെൻ മരിച്ചതെന്നാണ് റഷ്യൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ, യുക്രൈയിന് ആയുധങ്ങൾ മാത്രമല്ല, പരിശീലകരെയും വലിയ രൂപത്തിൽ നാറ്റോ രാജ്യങ്ങൾ നൽകുന്നുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ഇങ്ങനെ യുക്രൈയിനെ സഹായിക്കാൻ എത്തിയ നാറ്റോ സഖ്യത്തിൻ്റെ അനവധി പരിശീലകർ യുക്രൈയിനിൽ വെച്ച് കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം, റഷ്യക്ക് എതിരായ യുദ്ധത്തിന് യുക്രൈയിനിലേക്ക് നാറ്റോ സൈനികരെ അയക്കണമെന്ന ചില സഖ്യരാജ്യങ്ങളുടെ നിലപാടിനെ അമേരിക്ക എതിർക്കാൻ കാരണം തന്നെ വലിയ ആൾനാശം നേരിടേണ്ടി വരുമെന്ന തിരിച്ചറിവിലാണ്. അമേരിക്കയുടെ ഈ വാദത്തെ സാധൂകരിക്കുന്ന സംഭവമാണ് എഫ് -16 പരിശീലകൻ്റെ മരണത്തോടെ വീണ്ടും നടന്നിരിക്കുന്നത്.
Also Read : ഇറാന് റഷ്യ ആണവ – സൈനിക സഹായം നൽകും, അമേരിക്കൻ ചേരിയെ ഞെട്ടിക്കുന്ന തീരുമാനം ഉടൻ
റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ജെപ്പ് ഹാൻസെൻ, എഫ് -16 ജെറ്റുകൾ പറത്തുന്നതിൽ വൈദഗ്ധ്യമുള്ള ആളാണെന്നും, ഇതിനകം തന്നെ എഫ്-16 വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ, നൂറുകണക്കിന് യുക്രൈയിനികളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നുമാണ് സോഷ്യൽ മീഡിയയിൽ ഹാൻസൻ്റെ സുഹൃത്ത് തന്നെ കുറിച്ചിരിക്കുന്നത്. റഷ്യൻ മാധ്യമങ്ങൾ ഇതും ഏറെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, അമേരിക്കൻ സഖ്യകക്ഷിയായ ഡെൻമാർക്കോ, റഷ്യൻ പ്രതിരോധ മന്ത്രാലയമോ… ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം നെതർലാൻഡ്‌സും ഡെൻമാർക്കും യുക്രെയ്‌നിന് 20 എഫ്-16 വിമാനങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. 2025-ൽ കൂടുതൽ അയയ്‌ക്കുമെന്നും അവർ വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതിനു പുറമെ, നോർവേ, ബെൽജിയം, ഗ്രീസ് എന്നീ രാജ്യങ്ങളും യുക്രെയ്ന് നിരവധി യുദ്ധവിമാനങ്ങൾ അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്തയിടെ ഇത്തരത്തിൽ വലിയ രൂപത്തിൽ ആയുധങ്ങൾ കയറ്റി വന്ന ട്രെയിൻ റഷ്യൻ സൈന്യം മിസൈൽ ഉപയോഗിച്ച് തകർത്ത് കളഞ്ഞിരുന്നു. യുക്രെയ്നിലേക്കുള്ള പാശ്ചാത്യ ആയുധ കയറ്റുമതി, സംഘർഷം വ്യാപിപ്പിക്കുകയൊള്ളുവെന്നും, എഫ്-16 ജെറ്റുകൾ എത്തിക്കുന്നത് ശത്രുതയുടെ വ്യാപ്തി വർധിപ്പിക്കുമെന്നും റഷ്യ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്ത് ജോബൈഡനായാലും ട്രംപായാലും, യുക്രൈയിൻ വിഷയത്തിൽ, ഒരടി പിന്നോട്ട് പോകില്ലന്നതാണ് റഷ്യയുടെ നിലപാട്. അതിന് അനുസരിച്ചുള്ള സൈനിക മുൻകരുതലും റഷ്യ ഇതിനകം തന്നെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. അത്യാധുനിക ആണവായുധങ്ങൾ യൂറോപ്പിലുടീളം വിന്യസിച്ച്, റഷ്യയുടെ ഭീഷണി ചെറുക്കാനാണ് അമേരിക്ക ഇപ്പോൾ ശ്രമിക്കുന്നത്.
അമേരിക്ക തങ്ങളുടെ പ്രാഥമിക തെർമോ ന്യൂക്ലിയർ ആയുധങ്ങളുടെ ആധുനികവൽക്കരണം പൂർത്തിയാക്കിയതായി, എൻഎൻഎസ്എ അഡ്മിനിസ്‌ട്രേറ്റർ ജിൽ ഹ്‌റൂബിയാണ് അറിയിച്ചിരിക്കുന്നത്. ഗുരുത്വാകർഷണ ബോംബിന്റെ ബി 61-12 വകഭേദം, യൂറോപ്പിലെ സൈനിക താവളങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്ക അരനൂറ്റാണ്ടിലേറെയായി ഈ ബോംബിന്റെ ആദ്യ പതിപ്പായ ബി-61 ആണ് ഉപയോഗിച്ചിരുന്നതെന്നും, ജിൽ ഹ്‌റൂബി പറയുന്നു. ബി 61-12 ലൈഫ് എക്സ്റ്റൻഷൻ പദ്ധതി 2008ലാണ് ആരംഭിച്ചിരുന്നത്. ബോംബിന്റെ ന്യൂക്ലിയർ, നോൺ-ന്യൂക്ലിയർ ഘടകങ്ങൾ നവീകരിക്കാനും അതിന്റെ ആയുസ്സ് കുറഞ്ഞത് 20 വർഷമെങ്കിലും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. 2025 ജനുവരി ആദ്യം അമേരിക്ക നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ബി61-12 ന്റെ പദ്ധതി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Also Read : ആഗോള രാഷ്ട്രീയത്തിലെ വിലങ്ങുതടി, അമേരിക്കൻ കുതന്ത്രങ്ങൾ അധികകാലമില്ല
പുതിയതായി വികസിപ്പിച്ചെടുത്ത തങ്ങളുടെ ബി61-12 ഗ്രാവിറ്റി ബോംബുകൾ പൂർണ്ണമായും നാറ്റോ രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽ വിന്യസിച്ചതായാണ് ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പ്രസ്താവനയിൽ ഹ്‌റൂബി ചൂണ്ടിക്കാട്ടുന്നത്. നാറ്റോയുടെ ആണവായുധ പങ്കിടൽ പദ്ധതിയുടെ കീഴിൽ… ബെൽജിയം, ജർമ്മനി, ഇറ്റലി, നെതർലാൻഡ്സ്, തുർക്കി എന്നിവിടങ്ങളിലും ബി-61 ബോംബുകളുടെ ആദ്യ പതിപ്പുകൾ വിന്യസിച്ചിട്ടുണ്ട്.

പരിഷ്‌കരിച്ച അത്യാധുനിക ബി 61-12 ബോംബുകൾ സ്ഥാപിക്കുന്നത് അമേരിക്കയ്ക്ക് പുറത്ത് ബ്രിട്ടനിലാണെന്നാണ് പെന്റഗണിന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. ബ്രിട്ടനുമായുള്ള തന്ത്രപരമായ പങ്കാളിത്തം വളരെ ശക്തമാണെന്നും, ആണവ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ അമേരിക്കയും ബ്രിട്ടനും ഒന്നിച്ച് കൈകോർക്കുകയാണെന്നും, അതിനായി ഒന്നിച്ച് ഒറ്റക്കെട്ടായി ഒരു തീരുമാനം എടുക്കുകയായിരുന്നുവെന്നും ഹ്‌റൂബി ചൂണ്ടിക്കാട്ടി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അവർ തയ്യാറായിട്ടില്ല. നവംബറിൽ പെന്റഗൺ ഒരു പുതിയ ആണവ പ്രതിരോധ തന്ത്രം പ്രഖ്യാപിച്ചിരുന്നു. ന്യൂക്ലിയർ-പവർ, ഓഹിയോ-ക്ലാസ് അന്തർവാഹിനികളുടെ വർദ്ധിച്ച സന്നദ്ധത, B61-13 ഗ്രാവിറ്റി ബോംബിന്റെ വികസനം എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ബോംബിന്റെ പുതിയ വകഭേദം ഉടൻ വികസിപ്പിക്കുമെന്നും പെന്റഗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read : അമേരിക്കൻ കളികൾ ഇനി അധികകാലമില്ല, കൂടുതൽ ശക്തരായി ബ്രിക്സ്
അതേസമയം, ആണവശേഷിയുള്ള ബോംബുകളുടെയും മിസൈലുകളുടെയും ആഗോള വിന്യാസം, ശക്തമായ പ്രത്യാക്രമണത്തിന് കാരണമാകുമെന്ന് റഷ്യയും ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയെയും സഖ്യകക്ഷികളെയും ചാരമാക്കാൻ ശേഷിയുള്ള നിരവധി ആണവ മിസൈലുകൾ, നാറ്റോ രാജ്യങ്ങൾക്ക് എതിരായി, ഇതിനകം തന്നെ റഷ്യ വിന്യസിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതിൽ മിക്കതും, ലോകത്തെ ഒരു രാജ്യത്തിനും തടയാൻ ശേഷിയില്ലാത്തതാണ് എന്നതും, ഒരു യാഥാർത്ഥ്യമാണ്. റഷ്യ… അവരുടെ ഏറ്റവും പുതിയ മിസൈലായ ഒറെഷ്നിക് തടഞ്ഞു കാണിക്കാൻ അമേരിക്കയെ വെല്ലുവിളിച്ചിരുന്നു. എന്നാൽ, പുടിൻ്റെ ആ വെല്ലുവിളി അമേരിക്കൻ ഭരണകൂടം ഏറ്റെടുത്തിരുന്നില്ല.
കഴിഞ്ഞ സെപ്റ്റംബറിൽ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രാജ്യത്തിന്റെ ആണവ സിദ്ധാന്തത്തിൽ മാറ്റം വരുത്താൻ ഉത്തരവിട്ടിരുന്നു. ”റഷ്യൻ ഫെഡറേഷനും അതിന്റെ സഖ്യകക്ഷികൾക്കും എതിരെ, ഏതെങ്കിലും ആണവ ഇതര രാഷ്ട്രങ്ങൾ, ഒരു ആണവ രാഷ്ട്രത്തിന്റെ പിന്തുണയോടുകൂടി ആക്രമണം നടത്തിയാൽ, അതിനെ ഏത് രൂപത്തിൽ തിരിച്ചടിക്കാനും റഷ്യക്ക് അവകാശമുണ്ടെന്നാണ് പുടിൻ മുന്നറിയിപ്പ് നൽകിയിരുന്നത്. നിലവിലെ റഷ്യയുടെ ആക്രമണം യുക്രെയ്‌നെ മാത്രം കേന്ദ്രീകരിച്ചാകില്ലെന്നും, യുക്രെയ്‌നെ സഹായിക്കുന്ന പാശ്ചാത്യ രാജ്യങ്ങളെയും തങ്ങൾ ലക്ഷ്യമിടുമെന്നുമാണ്, റഷ്യൻ പ്രസിഡൻ്റ് തുറന്നടിച്ചിരുന്നത്.

ഈ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ, റഷ്യ… യുക്രെയ്‌നിലെ ഒരു പ്രധാനസൈനിക പ്ലാന്റിനെതിരെ ഒറെഷ്നിക് മീഡിയം റേഞ്ച് ഹൈപ്പർസോണിക് മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തിരുന്നു. ലോക രാജ്യങ്ങളെ ഞെട്ടിച്ച ആക്രമണമായിരുന്നു അത്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഈ ഒറെഷ്നിക് മിസൈലിൽ, ആണവ പോർമുന ഉണ്ടായിരുന്നെങ്കിൽ, ആ രാജ്യം തന്നെ ഇല്ലാതാകുമായിരുന്നു. മിസൈൽ പ്രയോഗിക്കും മുൻപ് അമേരിക്കയ്ക്ക് റഷ്യ മുൻകൂർ വിവരം നൽകിയിട്ട് പോലും, അത് തടുക്കാൻ അമേരിക്കയുടെയും നാറ്റോയുടെയും ഒരു പ്രതിരോധ സംവിധാനത്തിനും സാധിച്ചിരുന്നില്ല. റഷ്യ ഇപ്പോൾ പുറത്തെടുത്തത് ഇതാണെങ്കിൽ, ലോകം കാണാത്ത എത്ര അപകടകാരികളായ ആയുധങ്ങൾ അവരുടെ ആയുധ പുരയിൽ ഉണ്ടാകുമെന്നതും ഊഹിക്കാവുന്നതേയൊള്ളൂ. ഈ വർഷത്തോടെ ബെലാറസിൽ ഒറെഷ്നിക് മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുന്നതിനുള്ള പദ്ധതികൾ ഉറപ്പിക്കുന്ന സുരക്ഷാ ഉടമ്പടിയിൽ റഷ്യയും ബെലാറസും ചേർന്ന് ഒപ്പുവെച്ചിട്ടുണ്ട്. ഈ ഉടമ്പടി പ്രകാരം പാശ്ചാത്യ രാജ്യങ്ങൾക്ക് തടയാൻ കഴിയാത്ത പുതിയ മിസൈലുകൾ മിനിറ്റുകൾക്കുള്ളിൽ യൂറോപ്പിനെ നശിപ്പിക്കുമെന്നാണ് റഷ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Also Read :മിഡിൽ ഈസ്റ്റിൽ കളം മാറ്റിവരക്കാൻ ട്രംപ്, പുതിയ ചുവടുകൾ പിഴക്കുമോ ..?
യുക്രൈയിനെ ഒരു ട്രയൽ കേന്ദ്രമാക്കി, റഷ്യ ലക്ഷ്യം വയ്ക്കുന്നത് യൂറോപ്പ്യൻ രാജ്യങ്ങളെയാണെന്നാണ് അമേരിക്ക കരുതുന്നത്. പഴയ സോവിയറ്റ് യൂണിയൻ്റെ പ്രതാപകാലത്തേക്ക് തിരിച്ചു പോകുന്നതിൻ്റെ ഭാഗമായുള്ള പുടിൻ്റെ തന്ത്രപരമായ നീക്കമായും, ഇപ്പോഴത്തെ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നുണ്ട്.