1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍, മുമ്പ് യുഎസ്എസ്ആര്‍ ആയിരുന്ന റഷ്യന്‍ ഫെഡറേഷനുമായി ഇന്ത്യ അടുത്ത ഉഭയകക്ഷി ബന്ധം ആരംഭിച്ചിരുന്നു. ഈ നയതന്ത്ര ഐക്യം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ആശയങ്ങളും കൂടുതല്‍ ദൃഢമാക്കി. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷവും റഷ്യ ഇന്ത്യയുമായി അടുത്ത ബന്ധം നിലനിര്‍ത്തി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ദീര്‍ഘകാലമായുള്ള ബന്ധം നല്ലരീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. 2000 ഒക്ടോബറില്‍ ‘ഇന്ത്യ-റഷ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് സംബന്ധിച്ച പ്രഖ്യാപനം’ ഒപ്പുവച്ചതിനുശേഷം, രാഷ്ട്രീയ, സുരക്ഷ, പ്രതിരോധം, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ മെച്ചപ്പെട്ട സഹകരണമാണ് ഇരുകൂട്ടരും കാഴ്ചവെയ്ക്കുന്നത്. ഇപ്പോള്‍ സൈനിക ശക്തിയില്‍ ഏറെ മുമ്പന്തിയിലുള്ള ഇന്ത്യയുമായി സൈനികാഭ്യാസങ്ങള്‍ വിപുലീകരിക്കാന്‍ ലക്ഷ്യമിടുകയാണ് റഷ്യ. ഇത് സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
സൈനികരുടെ പ്രവര്‍ത്തന ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത അഭ്യാസമുള്‍പ്പെടെ പ്രതിരോധ, സുരക്ഷാ സഹകരണം വര്‍ധിപ്പിക്കാന്‍ റഷ്യന്‍, ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ സമ്മതിച്ചതായി ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-റഷ്യ ഇന്റര്‍-ഗവണ്‍മെന്റല്‍ കമ്മീഷന്‍ ഓണ്‍ മിലിട്ടറി ആന്‍ഡ് മിലിട്ടറി-ടെക്‌നിക്കല്‍ കോഓപ്പറേഷന്റെ കീഴിലുള്ള സൈനിക സഹകരണത്തെക്കുറിച്ചുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റഷ്യയില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്.
Also Read: ആ ഉപരോധം ഇനി വേണ്ട; ഇറാന്റെ അന്ത്യശാസനം
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ രംഗത്തെ സഹകരണം നൂതനമായ സാങ്കേതിക വിദ്യകളും പരിശീലന മാര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ സാധിക്കും. റഷ്യയുടെയും ഇന്ത്യയുടെയും സംയുക്ത നീക്കം ആഗോള തലത്തില്‍ മാറ്റങ്ങളുണ്ടാക്കുന്ന തന്ത്രപരമായ പങ്കാളിത്തത്തിന്റെ സൂചന കൂടിയാണ്. ഇത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കും എന്നാണ് വിലയിരുത്തല്‍.
ഇന്ദ്ര, ആവിയ ഇന്ദ്ര, ഇന്ദ്ര നേവി തുടങ്ങിയ നിരവധി സംയുക്ത കര, വ്യോമ, കടല്‍ അഭ്യാസങ്ങള്‍ എന്നിവ ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയിട്ടുണ്ട്. മികച്ച സായുധ മുറകള്‍ പങ്കിടുന്നതിനും സംയുക്ത പ്രവര്‍ത്തന തന്ത്രങ്ങളും നടപടിക്രമങ്ങളും മെച്ചപ്പെടുത്തുന്നതിനും പരസ്പര ധാരണ വര്‍ധിപ്പിക്കുന്നതിനുമെല്ലാം ഇത് സഹായിച്ചു.
Also Read: റഷ്യയുടെ നീക്കത്തില്‍ ഭയം; പുതിയ കൂട്ടുകെട്ടുണ്ടാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
റഷ്യ-ഇന്ത്യ രാജ്യങ്ങളിലെ പ്രതിരോധ ഉദ്യോഗസ്ഥര്‍ മാറിമാറി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള പദ്ധതികളുടെ പുരോഗതിയും സൈനിക സാങ്കേതിക സഹകരണത്തിന്റെ മറ്റ് വശങ്ങളും ചര്‍ച്ചചെയ്തു. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിസംബര്‍ ആദ്യ വാരം റഷ്യന്‍ സന്ദര്‍ശിക്കും. റഷ്യന്‍ പ്രധാനമന്ത്രി ആന്ദ്രേ ബെലോസോവുമായി രാജ്നാഥ് സിംഗ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുമെന്നാണ് വിവരം.
ഇന്ത്യന്‍ നാവികസേനയ്ക്കായി നിര്‍മ്മിക്കുന്ന സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് കമ്മീഷന്‍ ചെയ്യുന്നതിനായി രാജ്നാഥ് സിംഗ് കലിനിന്‍ഗ്രാഡും സന്ദര്‍ശിക്കും. 2018-ല്‍ നാല് (പ്രൊജക്റ്റ് 11356) യുദ്ധക്കപ്പലുകള്‍ വാങ്ങാന്‍ ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. കരാര്‍ പ്രകാരം രണ്ട് ഫ്രിഗേറ്റുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യണം, ബാക്കി രണ്ടെണ്ണം റഷ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് പ്രാദേശികമായി നിര്‍മ്മിക്കും. തുശീല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ യുദ്ധക്കപ്പലുകളില്‍ ആദ്യത്തേത് രാജ്യത്തിന്റെ നാവിക ശക്തിക്ക് വലിയ ഉത്തേജനം നല്‍കുമെന്നും ഇന്തോ-പസഫിക്കില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന തന്ത്രപരമായ വെല്ലുവിളികള്‍ക്കിടയിലാണ് ഇത് വരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യന്‍ നാവികസേനയില്‍ സേവനത്തിലുള്ള ആറ് റഷ്യന്‍ നിര്‍മ്മിത തല്‍വാര്‍-ക്ലാസ് ഫ്രിഗേറ്റുകളില്‍ മൂന്നെണ്ണം യന്തര്‍ ഷിപ്പ്യാര്‍ഡ് മുമ്പ് നിര്‍മ്മിച്ചിരുന്നു, അവ റഷ്യയുടെ ക്രിവാക്-ക്ലാസ് ഫ്രിഗേറ്റുകള്‍ക്ക് സമാനമാണ്.
Also Read: അഞ്ച് ലക്ഷത്തിലധികം യുക്രൈയിൻ സൈനികർ കൊല്ലപ്പെട്ടു? റിപ്പോർട്ട് പുറത്ത് വിട്ട് ദി ഇക്കണോമിസ്റ്റ്
പാശ്ചാത്യ സമ്മര്‍ദ്ദങ്ങളും ഉപരോധ ഭീഷണികളും അവഗണിച്ച് 2018-ല്‍ റഷ്യയില്‍ നിന്ന് ഏകദേശം 5.43 ബില്യണ്‍ ഡോളറിന് ഇന്ത്യ സംഭരിച്ച എസ്-400 ട്രയംഫ് എയര്‍ ഡിഫന്‍സ് മിസൈല്‍ സിസ്റ്റത്തിന്റെ ശേഷിക്കുന്ന രണ്ട് (അഞ്ചില്‍) സ്‌ക്വാഡ്രണുകള്‍ റഷ്യയില്‍ നിന്ന് ഉടന്‍ ഇന്ത്യയിലെത്തിക്കും. വര്‍ഷങ്ങളായി, റഷ്യയും ഇന്ത്യയും തമ്മിലുള്ള സൈനിക-സാങ്കേതിക സഹകരണം ‘ബയര്‍-സെല്ലര്‍’ ഡൈനാമിക് എന്നതില്‍ നിന്ന് സംയുക്ത ഗവേഷണം, ഡിസൈന്‍ വികസനം, നൂതന സൈനിക സംവിധാനങ്ങളുടെ ഉത്പാദനം എന്നിവയിലേക്ക് മാറി. ഇതില്‍ ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന്റെ സംയുക്ത വികസനം, ഫൈറ്റര്‍ ജെറ്റുകളുടെയും ടി-90 ടാങ്കുകളുടെയും ലൈസന്‍സുള്ള നിര്‍മ്മാണം, ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ എകെ -203 റൈഫിളുകളുടെ നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്നു.
ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസം ഇന്ത്യയുടെ ഭൂപ്രദേശപരമായ പ്രധാന മേഖലകളില്‍ സുരക്ഷാ തകര്‍ച്ചകള്‍ തടയാന്‍ സഹായിക്കും എന്നാണ് പ്രതിരോധ വകുപ്പിന്റെ വിലയിരുത്തല്‍. അന്താരാഷ്ട്ര തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ സംയുക്ത സേനയുടെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയുമെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഈ അഭ്യാസം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.