ഡോളറിന് മുന്നിൽ രൂപ പതറുന്നു; വിദേശ മൂലധനം പിടിച്ചുനിർത്താൻ പുതിയ ഓർഡിനൻസുമായി കേന്ദ്രം

രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും

ഡോളറിന് മുന്നിൽ രൂപ പതറുന്നു; വിദേശ മൂലധനം പിടിച്ചുനിർത്താൻ പുതിയ ഓർഡിനൻസുമായി കേന്ദ്രം
ഡോളറിന് മുന്നിൽ രൂപ പതറുന്നു; വിദേശ മൂലധനം പിടിച്ചുനിർത്താൻ പുതിയ ഓർഡിനൻസുമായി കേന്ദ്രം

ശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് രാജ്യം വിട്ടൊഴുകുന്ന വിദേശ മൂലധനം പിടിച്ചുനിർത്താനും രൂപയുടെ മൂല്യത്തകർച്ച തടയാനുമായി കേന്ദ്ര സർക്കാർ നിർണ്ണായക നടപടികളിലേക്ക് കടക്കുന്നു. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി, സർക്കാർ സെക്യൂരിറ്റികളിലെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ ഹോൾഡിംഗുകൾക്കുള്ള മൂലധന നേട്ട നികുതി ഒഴിവാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിനായി ആദായനികുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിക്കഴിഞ്ഞു. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങും. നിലവിൽ ഒരു വർഷത്തിൽ കൂടുതൽ കൈവശം വെയ്ക്കുന്ന ബോണ്ടുകൾക്ക് 12.5% ദീർഘകാല മൂലധന നേട്ട നികുതിയും, 20% വിത്ത്ഹോൾഡിംഗ് നികുതിയും വിദേശ നിക്ഷേപകർ നൽകേണ്ടതുണ്ട്.

ഇറാൻ സംഘർഷവും അമേരിക്കൻ താരിഫ് നടപടികളും കാരണം ഈ കലണ്ടർ വർഷത്തിൽ ഇതുവരെ 2.47 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യയിൽ നിന്ന് പിൻവലിക്കപ്പെട്ടത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. വിദേശ നിക്ഷേപകരുടെ ഈ വൻതോതിലുള്ള പിന്മാറ്റം അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ മെയ് 20-ന് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിരക്കായ 96.965 രൂപയിൽ എത്തിയിരുന്നു. നിലവിൽ റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടലുകൾ കൊണ്ടും, അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളെ തുടർന്ന് എണ്ണവില നേരിയ തോതിൽ കുറഞ്ഞതുകൊണ്ടുമാണ് രൂപ 95.71 എന്ന നിലയിലേക്ക് അല്പം തിരിച്ചുപിടിച്ചത്. എങ്കിലും ഈ വർഷം ഏഷ്യയിലെ ഏറ്റവും ദുർബലമായ രണ്ടാമത്തെ കറൻസിയായി രൂപ തുടരുകയാണ്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി ഇളവുകൾക്ക് പുറമെ മറ്റ് ചില സുപ്രധാന നടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്. വിദേശ നിക്ഷേപകർക്ക് ഉടമസ്ഥാവകാശ നിയന്ത്രണങ്ങളില്ലാതെ നിക്ഷേപിക്കാൻ സാധിക്കുന്ന ‘ഫുള്ളി ആക്‌സസിബിൾ റൂട്ടിന്’ കീഴിൽ കൂടുതൽ ദീർഘകാല സർക്കാർ സെക്യൂരിറ്റികളെ റിസർവ് ബാങ്ക് ഉൾപ്പെടുത്തിയേക്കും. കൂടാതെ, വിദേശത്ത് താമസിക്കുന്ന വ്യക്തികൾക്ക് പോർട്ട്‌ഫോളിയോ നിക്ഷേപ പദ്ധതി വഴി ഇന്ത്യൻ കമ്പനികളുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്താനുള്ള അനുമതിയും സർക്കാർ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന എണ്ണ ഇറക്കുമതിച്ചെലവ് കണക്കിലെടുത്ത് വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചിട്ടുമുണ്ട്.

Share Email
Top