രൂപയ്ക്ക് റെക്കോർഡ് ഇടിവ്; പ്രവാസികൾക്ക് അനുകൂലമെങ്കിലും ശമ്പളമില്ലാത്തത് തിരിച്ചടിയാകുന്നു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 26.13 രൂപയിലാണ് കഴിഞ്ഞ ദിവസം ഒരു ദിർഹത്തിന്റെ ഇന്റർബാങ്ക് വിനിമയ നിരക്ക് എത്തിയത്

രൂപയ്ക്ക് റെക്കോർഡ് ഇടിവ്; പ്രവാസികൾക്ക് അനുകൂലമെങ്കിലും ശമ്പളമില്ലാത്തത് തിരിച്ചടിയാകുന്നു
രൂപയ്ക്ക് റെക്കോർഡ് ഇടിവ്; പ്രവാസികൾക്ക് അനുകൂലമെങ്കിലും ശമ്പളമില്ലാത്തത് തിരിച്ചടിയാകുന്നു

അബുദാബി: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് റെക്കോർഡ് ഇടിവിലേക്ക് കൂപ്പുകുത്തിയതോടെ ഗൾഫ് പ്രവാസികൾക്ക് ഇത് പണമയയ്ക്കാനുള്ള സുവർണ്ണാവസരമാകുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 26.13 രൂപയിലാണ് കഴിഞ്ഞ ദിവസം ഒരു ദിർഹത്തിന്റെ ഇന്റർബാങ്ക് വിനിമയ നിരക്ക് എത്തിയത്. നാട്ടിലേക്ക് പണമയയ്ക്കുന്ന പ്രവാസികൾക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യുമെങ്കിലും, ഭൂരിഭാഗം പേർക്കും ഈ അനുകൂല സാഹചര്യം പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

മാസാവസാനത്തിലേക്ക് അടുക്കുന്നതിനാൽ മിക്ക പ്രവാസികൾക്കും ശമ്പളം ലഭിക്കാൻ ഇനിയും രണ്ടാഴ്ചയോളം കാത്തിരിക്കേണ്ടതുണ്ട്. കൈയിൽ പണമില്ലാത്തതിനാൽ പലർക്കും ഈ റെക്കോർഡ് നിരക്കിൽ നാട്ടിലേക്ക് പണമയയ്ക്കാൻ സാധിക്കുന്നില്ല. എന്നാൽ ബലിപെരുന്നാൾ ആഘോഷങ്ങൾ വിളിപ്പാടകലെ എത്തിനിൽക്കുന്നതിനാൽ, കയ്യിൽ പണമില്ലാത്തവർ പോലും സുഹൃത്തുക്കളിൽ നിന്നും മറ്റും കടം വാങ്ങിയാണെങ്കിലും നാട്ടിലേക്ക് പണം എത്തിക്കാനുള്ള തിരക്കിലാണ്.

Also Read: കാത്തിരിപ്പിന് അറുതി! 20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം നാട്ടിലേക്ക്; മോചനം മെയ് 19ന്

സാധാരണയായി പത്രങ്ങളിലും ഗൂഗിളിലും കാണുന്ന ഇന്റർബാങ്ക് നിരക്കായ 26.13 വലിയ തുകകൾ കൈമാറുമ്പോൾ മാത്രമാണ് ലഭ്യമാകുക. മറിച്ച്, സാധാരണക്കാരായ ഉപഭോക്താക്കൾ എക്സ്‌ചേഞ്ചുകളെയും മൊബൈൽ ആപ്പുകളെയും സമീപിക്കുമ്പോൾ റീട്ടെയ്ൽ നിരക്കുകളാണ് ലഭിക്കുന്നത്. എക്സ്‌ചേഞ്ചുകളുടെ പ്രവർത്തനച്ചെലവും ലാഭവും കുറച്ച ശേഷമുള്ള നിരക്കാണിത്. കൂടാതെ, വാരാന്ത്യങ്ങളിൽ തിങ്കളാഴ്ചത്തെ വിപണിയിലെ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് വലിയ നഷ്ടങ്ങൾ ഒഴിവാക്കാൻ എക്സ്ചേഞ്ചുകൾ കൂടുതൽ സുരക്ഷിതമായ നിരക്കുകളാണ് നൽകാറുള്ളത്.

നിലവിലെ വിപണിയിൽ വിവിധ പ്ലാറ്റ്‌ഫോമുകൾ നൽകുന്ന നിരക്കുകളിൽ പ്രകടമായ വ്യത്യാസമുണ്ട്. സ്മാർട്ട് ആപ്പുകളായ ‘ഇ ആൻഡ് മണി’ ഒരു ദിർഹത്തിന് 26.10 രൂപയും, ‘ബോട്ടിം’ ആപ്പ് 26.06 രൂപയും നൽകുമ്പോൾ, രാജ്യത്തെ പ്രമുഖ എക്സ്‌ചേഞ്ച് ശാഖകളിൽ ഈ നിരക്ക് 26 രൂപയോ അതിൽ താഴെയോ ആണ്. പ്രവർത്തനച്ചെലവ് താരതമ്യേന കുറവായതിനാലാണ് ഇത്തരം ഡിജിറ്റൽ സ്മാർട്ട് ആപ്പുകൾക്ക് ഉപഭോക്താക്കൾക്ക് ഉയർന്ന നിരക്ക് നൽകാൻ സാധിക്കുന്നത്. ആദ്യത്തെ കുറച്ച് ഇടപാടുകൾക്കോ പ്രമോഷൻ കാലയളവിലോ പല ആപ്പുകളും സർവീസ് ചാർജ് പൂർണ്ണമായും ഒഴിവാക്കാറുമുണ്ട്.

Also Read: ഇന്ത്യയുടെ ഇന്ധനസുരക്ഷയ്ക്ക് കരുത്തായി യു.എ.ഇ; 500 കോടി ഡോളറിന്റെ തന്ത്രപ്രധാന കരാർ നിലവിൽവന്നു

എക്സ്‌ചേഞ്ച് ശാഖകൾ വഴി നേരിട്ട് പണമയയ്ക്കുമ്പോൾ അയയ്ക്കുന്ന തുകയുടെ വലിപ്പം നോക്കാതെ ശരാശരി 23 ദിർഹം വരെ സർവീസ് ചാർജ് ഈടാക്കാറുണ്ട്. ചെറിയ തുകകൾ അയയ്ക്കുന്നവർക്ക് ഇത് വലിയ നഷ്ടമുണ്ടാക്കും. എന്നാൽ വലിയ തുക അയയ്ക്കുന്നവർക്ക് എക്സ്ചേഞ്ച് അധികൃതരുമായി നേരിട്ട് സംസാരിച്ച് നിരക്കിൽ ഇളവുകൾ നേടാനാകും. മണി ട്രാൻസ്‌ഫർ ഏജൻസികൾ വഴിയാണ് അയയ്ക്കുന്നതെങ്കിൽ തുകയുടെ നിശ്ചിത ശതമാനമാണ് സർവീസ് ചാർജ് ഈടാക്കുക.

ഈ സാഹചര്യത്തിൽ പ്രവാസികൾ തങ്ങൾ അയയ്ക്കുന്ന തുകയുടെ അളവ് അനുസരിച്ച് കൃത്യമായ പ്ലാറ്റ്‌ഫോമുകൾ തിരഞ്ഞെടുക്കുന്നതാണ് ലാഭകരം. ചെറിയ തുകകളാണ് നാട്ടിലേക്ക് അയയ്ക്കുന്നതെങ്കിൽ സർവീസ് ചാർജ് കുറഞ്ഞതോ ഇല്ലാത്തതോ ആയ ഓൺലൈൻ ആപ്പുകൾ ഉപയോഗിക്കുന്നതാണ് ഉചിതം. അതേസമയം വലിയ തുകകളാണ് കൈമാറുന്നതെങ്കിൽ, ചെറിയ സേവന നിരക്ക് നൽകേണ്ടി വന്നാലും ഏറ്റവും ഉയർന്ന എക്സ്‌ചേഞ്ച് റേറ്റ് നൽകുന്ന സ്ഥാപനം ഏതെന്ന് നോക്കി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ലാഭകരം.

Share Email
Top