ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ ഗർഭിണികൾക്ക് 21,000 രൂപ ധനസഹായം നൽകുമെന്നും മഹിളാ സമൃദ്ധി യോജന വഴി സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായമായി നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. കൂടാതെ പാചക വാതക സിലിണ്ടറിന് 500 രൂപ സബ്സിഡി അനുവദിക്കും. ഹോളിക്കും ദീപാവലിക്കും ഗ്യാസ് സിലിണ്ടർ സൗജന്യമായി നൽകും.
70 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഉള്ള പെൻഷൻ തുക 3000 രൂപയാക്കി ഉയർത്തും. 60 വയസുമുതൽ 70 വയസുവരെ ഉള്ളവർക്ക് 2500 രൂപ പെൻഷൻ ആയി നൽകും. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ആരോഗ്യ ഇൻഷുറൻസ് ആയി നൽകുമെന്നും പ്രകടന പത്രികയിലുണ്ട്. ജെ.പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അഞ്ച് രൂപക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിന് ജെ.ജെ ക്ലസ്റ്ററുകളിൽ അടൽ കാന്റീനുകൾ സ്ഥാപിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Also Read: സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം; കസ്റ്റഡിയിലുള്ളത് പ്രതിയല്ല
2020ലെ വാഗ്ദാനങ്ങളിൽ 99.99 ശതമാനവും പൂർത്തീകരിച്ചതായി ജെ.പി.നദ്ദ അവകാശപ്പെട്ടു. 2019 നൽകിയ 235 വാഗ്ദാനങ്ങളിൽ 225 എണ്ണം നിറവേറ്റി. അവശേഷിക്കുന്നവ നടപ്പാക്കാനുള്ള അന്തിമ ഘട്ടത്തിലാണ്. ക്ഷേമം, മികച്ച ഭരണം, വികസനം, സ്ത്രീ ശാക്തീകരണം, കർഷകരുടെ പുരോഗതി എന്നിവയിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നദ്ദ കൂട്ടിച്ചേർത്തു. 27 വർഷത്തിനു ശേഷം ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.