റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 440 വിപണിയില്‍

സ്‌ക്രാം 440 ന്റെ ഡിസൈന്‍ സ്‌ക്രാം 411 ന് സമാനമാണ്

റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 440 വിപണിയില്‍
റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 440 വിപണിയില്‍

ന്യൂഡല്‍ഹി: ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌ക്രാം 440 എന്ന പേരിലുള്ള പുതിയ മോട്ടോര്‍സൈക്കിളിന് 2.08 ലക്ഷം രൂപയാണ് പ്രാരംഭവില വരുന്നത്. ട്രെയില്‍ വേരിയന്റിന്റെ പ്രാരംഭ വിലയാണിത്. മുന്‍ഗാമിയായ സ്‌ക്രാം 411 നെക്കാള്‍ വിലയില്‍ വെറും 1,300 രൂപ മാത്രമാണ് കൂടുതലുള്ളത്. വിലയേറിയ ഫോഴ്സ് ട്രിമ്മിന് 2.15 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

6,250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ 34 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ 443 സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എന്‍ജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. എന്‍ജിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. വലിയ ഡിസ്പ്ലേസ്മെന്റും അധിക ഗിയറും ബൈക്ക് സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്.

Also Read: ഇലക്ട്രിക് വാഹന വിപണിയില്‍ പുത്തന്‍ മാറ്റം; ചാര്‍ജിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കും

ട്രെയില്‍ വേരിയന്റിന് ട്യൂബ്-ടൈപ്പ് ടയറുകളുള്ള പരമ്പരാഗത 19/17ഇഞ്ച് സ്പോക്ക് വീലുകളുണ്ട്. മറുവശത്ത്, ടോപ്പ്-സ്‌പെക്ക് ഫോഴ്സ് വേരിയന്റിന് ട്യൂബ്ലെസ് ടയറുകളുള്ള അലോയ് വീലുകളാണ് ലഭ്യമാക്കിയത്. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്കും സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇരുവശത്തുമുള്ള സിംഗിള്‍ ഡിസ്‌ക് ബ്രേക്കിങ് സംവിധാനം നിയന്ത്രിക്കുന്നു.

സ്‌ക്രാം 440 ന്റെ ഡിസൈന്‍ സ്‌ക്രാം 411 ന് സമാനമാണ്. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, വലിയ ഇന്ധന ടാങ്ക്, സ്ലിം ടെയില്‍ സെക്ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. എല്‍ഇഡി ഹെഡ്ലൈറ്റ്, സ്വിച്ചബിള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, മികച്ച സ്റ്റോപ്പിങ്ങ് പവറിനായി പരിഷ്‌കരിച്ച ഫ്രണ്ട് ബ്രേക്ക് എന്നിവ ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫോഴ്സ് ടീല്‍, ഫോഴ്സ് ഗ്രേ, ഫോഴ്സ് ബ്ലൂ, ട്രെയില്‍ ഗ്രീന്‍, ട്രെയില്‍ ബ്ലൂ എന്നി പുതിയ നിറങ്ങളും റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിട്ടുണ്ട്.

Share Email
Top