അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുതിയ കരുത്തുമായി റോയൽ എൻഫീൽഡ് ഹിമാലയൻ 440 എത്തുന്നു. സ്ക്രാം 440 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന ഈ മോഡൽ, കമ്പനിയുടെ നിരയിൽ സ്ക്രാം 440-നും ഹിമാലയൻ 450-നും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും 2026 സെപ്റ്റംബറോടെ വാഹനം വിപണിയിലെത്തുമെന്നാണ് സൂചന.
ഈ ബൈക്കിൽ സ്ക്രാം 440-ലെ 443 സിസി സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ് എൻജിൻ തന്നെയായിരിക്കും ഉപയോഗിക്കുക. 25.4 പി.എസ്. കരുപ്പും 34 എൻ.എം. ടോർക്കും നൽകുന്ന ഈ എൻജിൻ ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. മികച്ച ലോ-എൻഡ് പ്രകടനം ഉറപ്പാക്കുന്ന രീതിയിലായിരിക്കും ഇതിന്റെ ട്യൂണിംഗ്.
ഏകദേശം 2.5 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന ഈ മോഡലിന് 21 ഇഞ്ച് ഫ്രണ്ട് വീലും 17 ഇഞ്ച് റിയർ വീലുമാണ് നൽകിയിരിക്കുന്നത്. ഉയർന്ന വേരിയന്റുകളിൽ ടിഎഫ്ടി ഡിസ്പ്ലേ, നാവിഗേഷൻ തുടങ്ങിയ ആധുനിക ഫീച്ചറുകളും ലഭിച്ചേക്കാം. ഇതിനിടെ കൂടുതൽ കരുത്തുള്ള ഹിമാലയൻ 750 മോഡലിന്റെ പരീക്ഷണ ഓട്ടവും കമ്പനി ആരംഭിച്ചിട്ടുണ്ട്.






