റിയോ ഡീ ജനീറോ: വിരസമായതുകൊണ്ട് ഇപ്പോള്‍ ഫുട്‌ബോള്‍ കാണാറില്ലെന്ന് ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം റൊണാള്‍ഡോ. ടെന്നീസാണ് ഇപ്പോള്‍ താന്‍ കാണുന്നതെന്നും റൊണോള്‍ഡോ പറഞ്ഞു. ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് റൊണാള്‍ഡോയുടെ പ്രതികരണം.
ഫുട്ബാളിനേക്കാളും താനിപ്പോള്‍ സ്‌നേഹിക്കുന്നത് ടെന്നീസിനെയാണ്. ഫുട്ബാള്‍ മത്സരങ്ങള്‍ ഇപ്പോള്‍ കാണാറില്ല. അത് വല്ലാതെ വിരസമായിരിക്കുന്നു. മണിക്കൂറുകള്‍ ടെന്നീസ് മത്സരങ്ങള്‍ കാണാന്‍ വേണ്ടിയാണ് താന്‍ ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോപ അമേരിക്കയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന്റെ പ്രകടനം മോശമായിരുന്നു. ഇതിനിടയിലാണ് റൊണോള്‍ഡോയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.
നേരത്തെ ബ്രസീലിന്റെ മറ്റൊരു ഇതിഹാസതാരമായ റൊണോള്‍ഡീഞ്ഞ്യോയും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ബ്രസീല്‍ ഫുട്ബാളിനെ സ്‌നേഹിക്കുന്നവര്‍ക്ക് ദുഃഖമുണ്ടാക്കുന്ന ടീമാണ് ഇപ്പോള്‍ കളിക്കുന്നത്. ഈയടുത്ത് കളിച്ചതില്‍ ഏറ്റവും മോശം ടീമാണ് ഇത്. ബ്രസീല്‍ ടീമിലെ കളിക്കാരെല്ലാം ശരാശരി നിലവാരം മാത്രമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കുട്ടിക്കാലം മുതല്‍ തന്നെ ഫുട്ബാള്‍ പിന്തുടരുന്ന ഒരാളാണ് ഞാന്‍. ഒരു കളിക്കാരനാവുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. താന്‍ ഒരിക്കലും ഇത്രയും മോശം ബ്രസീല്‍ ടീമിനെ കണ്ടിട്ടില്ല. മോശം ടീമായിരുന്നതിനാല്‍ താന്‍ കോപ അമേരിക്ക ടൂര്‍ണമെന്റ് കാണില്ലെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.