ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതിനുശേഷം ആദ്യമായി പ്രതികരിച്ച് സ്റ്റാർ ബാറ്റർ രോഹിത് ശർമ. ഓസ്‌ട്രേലിയയിൽ ക്രിക്കറ്റ് കളിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും അവിടുത്തെ ജനങ്ങൾ ക്രിക്കറ്റിനെ അതിയായി സ്നേഹിക്കുന്നവരാണെന്നും രോഹിത് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരെ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടമാണ്, അവിടെ പോകാനും ഇഷ്ടമാണ്. അവിടുത്തെ ജനം ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്’, മുംബൈയിൽ ഒരു സ്വകാര്യ ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ രോഹിത് വ്യക്തമാക്കി. ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ചോ തന്റെ പുതിയ റോളായോ താരം നേരിട്ട് പ്രതികരിച്ചില്ല.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റിന് പിന്നാലെയാണ് ഏകദിന ടീമിന്റെയും ക്യാപ്റ്റനായി ഗില്ലിനെ ബി.സി.സി.ഐ നിയമിച്ചത്. ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ താരം വിരാട് കോഹ്‌ലിയും ഈ പരമ്പരയ്ക്കുള്ള ടീമിൽ ഇടം നേടിയിട്ടുണ്ട്.
മാർച്ചിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ രോഹിത്തിന് കീഴിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ അദ്ദേഹത്തെ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് ഒഴിവാക്കിയ തീരുമാനം ആരാധകരിൽ വലിയ ഞെട്ടലുണ്ടാക്കി. മുൻ താരങ്ങൾ ഉൾപ്പെടെയുള്ള ക്രിക്കറ്റ് വിദഗ്ധർ ബി.സി.സി.ഐയുടെ ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, 2027 ഏകദിന ലോകകപ്പ് മുന്നിൽ കണ്ടാണ് ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനായി നിയമിച്ചതെന്നാണ് ബി.സി.സിഐയുടെ വിശദീകരണം.
അതേസമയം, വിരാട് കോഹ്‌ലിയും രോഹിത്തും 2027 ഏകദിന ലോകകപ്പ് കളിക്കുമോ എന്ന ചോദ്യത്തിന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ മൗനമായിരുന്നു പ്രതികരണം. നിലവിൽ ഇരുവരും ഏകദിന ഫോർമാറ്റ് മാത്രമാണ് കളിക്കുന്നതെന്നും അതുകൊണ്ടാണ് അവരെ ടീമിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. “2027-ലെ ഏകദിന ലോകകപ്പിനെക്കുറിച്ച് ഇപ്പോൾത്തന്നെ സംസാരിക്കേണ്ടതില്ല” എന്നും അഗാർക്കർ കൂട്ടിച്ചേർത്തു.













