മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ റെക്കോർഡുകൾ തിരുത്തിയെഴുതി. 42 പന്തിൽ 89 റൺസെടുത്ത സഞ്ജു ഏഴ് കൂറ്റൻ സിക്സറുകളാണ് പറത്തിയത്. ഇതോടെ ഈ ലോകകപ്പിലെ നാല് മത്സരങ്ങളിൽ നിന്നായി സഞ്ജുവിന്റെ ആകെ സിക്സറുകളുടെ എണ്ണം 16 ആയി. 2024-ൽ മുൻ നായകൻ രോഹിത് ശർമ സ്ഥാപിച്ച 15 സിക്സറുകൾ എന്ന ഇന്ത്യൻ റെക്കോർഡാണ് ഇതോടെ തകർന്നത്. 15 സിക്സറുകളുമായി ശിവം ദുബെ സഞ്ജുവിന് തൊട്ടുപിന്നിലുണ്ട്. 2007-ൽ യുവരാജ് സിംഗ് സ്ഥാപിച്ച റെക്കോർഡും സഞ്ജു ഈ പ്രകടനത്തോടെ മറികടന്നു.
സഞ്ജുവിന്റെ വെടിക്കെട്ടിനൊപ്പം ഇന്ത്യൻ ടീമും റെക്കോർഡുകളുടെ പെരുമഴ തീർത്തു. ഇംഗ്ലണ്ടിനെതിരെ ആകെ 19 സിക്സറുകളാണ് ടീം ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതോടെ ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ടീമെന്ന റെക്കോർഡിനൊപ്പം (നെതർലൻഡ്‌സ്, വെസ്റ്റ് ഇൻഡീസ് എന്നിവർക്കൊപ്പം) ഇന്ത്യയുമെത്തി. കൂടാതെ, 19 സിക്സും 17 ഫോറുമടക്കം ആകെ 36 ബൗണ്ടറികൾ നേടിയ ഇന്ത്യ, ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടുന്ന രണ്ടാമത്തെ ടീമെന്ന റെക്കോർഡും സ്വന്തമാക്കി.
Also Read; തൊണ്ടിമുതൽ കേസ്! ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുത്; ഹൈക്കോടതിയിൽ ശക്തമായ നിലപാടുമായി സർക്കാർ
മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 253 റൺസ് ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ ടീം ടോട്ടലാണ്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നാലാം തവണയാണ് ഇന്ത്യ 250 റൺസ് കടക്കുന്നത്. ഇതോടെ ടി20യിൽ ഏറ്റവും കൂടുതൽ തവണ 250 പ്ലസ് സ്കോർ നേടുന്ന ടീമെന്ന ലോകറെക്കോർഡും ഇന്ത്യക്ക് സ്വന്തമായി. സിക്സർ കിംഗായി മാറിയ സഞ്ജു സാംസണും റെക്കോർഡുകൾ വാരിക്കൂട്ടിയ ടീം ഇന്ത്യയും വാംഖഡെയിൽ ചരിത്രം കുറിച്ചിരിക്കുകയാണ്.






