ലാ ലിഗയിൽ സെൽറ്റ വിഗോയ്‌ക്കെതിരെ നടന്ന ആവേശകരമായ മത്സരത്തിൽ ബാഴ്‌സലോണ മിന്നുന്ന വിജയം സ്വന്തമാക്കി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയിച്ചത്. സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഹാട്രിക്കാണ് ബാഴ്‌സയുടെ വിജയത്തിൽ നിർണായകമായത്. ലെവൻഡോവ്‌സ്‌കിയെ കൂടാതെ കൗമാര താരം ലാമിൻ യമാലും ബാഴ്‌സലോണക്കായി വലകുലുക്കി വിജയമുറപ്പിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്‌സലോണ ലീഡെടുത്തു. പത്താം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയ്ക്ക് ലീഡ് നൽകി. എന്നാൽ, അധികം വൈകാതെ തന്നെ സെർജിയോ കരേറ സെൽറ്റ വിഗോയെ സമനിലയിൽ എത്തിച്ചു. 37-ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കി വീണ്ടും വലകുലുക്കി ബാഴ്‌സയെ മുന്നിലെത്തിച്ചെങ്കിലും, 43-ാം മിനിറ്റിൽ ബോർഹ ഇഗ്ലേഷ്യസിലൂടെ സെൽറ്റ വിഗോ വീണ്ടും സമനില ഗോൾ നേടി.
Also Read: അണ്ടർ-17 ലോകകപ്പ്; ഖത്തർ ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ബൊളീവിയയെ നേരിടും
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ, യുവതാരം യമാൽ വലകുലുക്കി ടീമിനെ 3-2ന് മുന്നിലെത്തിച്ചു. തുടർന്ന്, 73-ാം മിനിറ്റിൽ തന്റെ മൂന്നാം ഗോൾ കൂടി നേടി റോബർട്ട് ലെവൻഡോവ്‌സ്‌കി ഹാട്രിക്ക് തികച്ചു. ഈ നിർണായക ഗോളിന് പിന്നാലെ, 4-2 എന്ന നിലയിൽ ബാഴ്‌സലോണ തങ്ങളുടെ വിജയം ഉറപ്പിച്ചു.






