റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതേവിട്ട വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി

റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതേവിട്ട വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതേവിട്ട വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിലാണ് അപ്പീല്‍ നല്‍കുന്നത്. തുടര്‍നടപടികള്‍ക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

വിധിക്കെതിരേ തുടര്‍നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. വിധിക്കെതിരേ പല കോണുകളില്‍ നിന്നും വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും ശനിയാഴ്ചയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.

അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കോടതിയടക്കം വിമര്‍ശിച്ചിരുന്നു. നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ അന്വേഷണമാണ് നടന്നതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 2017 മാര്‍ച്ച് 21-ന് പുലര്‍ച്ചെയായിരുന്നു റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ ഇതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു

Top